ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണക്കോടതി നിർദേശിച്ചത്. ഈ വർഷമാദ്യം മുരുകനെതിരെയുള്ള കോടതി നടപടികൾക്കും അച്ചടക്ക നടപടികൾക്കും ഗവർണർ അനുമതി നൽകിയിരുന്നു. തുടർന്ന് സ്വയം വിരമിക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.
2018 ഓഗസ്റ്റിൽ, ചെന്നൈയിൽ വിജിലൻസ് ഡപ്യൂട്ടി ഡയറക്ടറായിരിക്കെ, വനിതാ എസ്പിയെ പീഡിപ്പിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ സ്ത്രീപീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്.