ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ വാനോളം പുകഴ്ത്തി ടെസ്ല സിഇഒ ഇലോൺ മസ്ക്. ‘ഒരു ദിവസം കൊണ്ട് എങ്ങനെയാണ് ഇന്ത്യ 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്കിന്റെ പ്രശംസ. ഇന്ത്യയിൽ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിൻ്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു.
ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണി, എന്നാല്‍ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്. 18 ദിവസത്തിന് ശേഷവും കാലിഫോർണിയ വോട്ടെണ്ണൽ പ്രക്രിയയിലാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള മറ്റൊരു കമൻ്റിനോടും മസ്ക് പ്രതികരിച്ചു. ഇന്ത്യയിലെയും കാലിഫോർണിയയിലെയും വോട്ടെണ്ണലിന്റെ വേഗത താരതമ്യം ചെയ്തുകൊണ്ടുള്ള മസ്കിന്റെ പ്രതികരണം ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
ഇതാദ്യമായല്ല കാലിഫോർണിയയിൽ വോട്ടെണ്ണൽ പൂർത്തിയാകാൻ ഇത്രയേറെ സമയമെടുക്കുന്നത്. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ്.
നവംബർ 5 ന് ആണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ഏകദേശം 16 ദശലക്ഷം വോട്ടർമാരായിരുന്നു അന്ന് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടന്ന് ഇത്രയേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും 300,000 വോട്ടുകൾ കാലിഫോർണിയയിൽ എണ്ണാൻ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തൊട്ടാകെയുള്ള 570,000ത്തോളം വോട്ടുകൾ ഇതുവരെ എണ്ണിയിട്ടില്ലെന്നാണ് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ-ഇൻ വോട്ടിംഗിനെ വളരെയധികം ആശ്രയിക്കുന്നതാണ് ഈ കാലതാമസത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.