തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷൻ്റെ വെബ്സൈറ്റിലും കരട് പ്രസിദ്ധപ്പെടുത്തും. കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ അതാത് കലക്ടറേറ്റിലും ഡീലിമിറ്റേഷൻ കമീഷൻ ഓഫീസിലും നൽകാം.
1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. 941 പഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും 87 നഗരസഭകളിലെ 3241 വാർഡുകളുടെയും ആറു കോർപറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
നിർദിഷ്ട വാർഡിൻ്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്. കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഈടാക്കി നൽകും.
കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനാണു ജില്ലാ കലക്ടർമാർ നൽകിയ കരടുനിർദേശങ്ങൾ പരിശോധിച്ചു പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത്. ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പകർപ്പുകളും സമർപ്പിക്കണം.
ആക്ഷേപങ്ങൾ നൽകേണ്ട വിലാസം:
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033. ഫോൺ: 0471 2335030.