ന്യൂഡല്‍ഹി: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടി മാത്രമാണെന്ന് പ്രധാന പ്രതി ശിവകുമാര്‍ ഗൗതം. കഴിഞ്ഞ ദിവസമാണ് ഇയാളെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിങ്ങനെ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
22 വയസ്സുകാരനായ പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ആക്രി കച്ചവടമാണ് തൊഴില്‍. കര്‍ഷകനായ പിതാവും രണ്ടു സഹോദരന്‍മാരും സഹോദരിമാരും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇയാൾ പറയുന്നത് ശരിയല്ലെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയാണ് മകനെ നാശത്തിലേക്ക് എത്തിച്ചത്. ‘കുറ്റവാളിയെ കുറ്റവാളിയെപ്പോലെ തന്നെ കെെകാര്യം ചെയ്യണം’- പിതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേസില്‍ നേരത്തേ അറസ്റ്റിലായ ധര്‍മ്മരാജ് കശ്യപുമായി ഇയാള്‍ക്ക് പരിചയമുണ്ട്. ആക്രി കച്ചവടമാണ് ധര്‍മ്മരാജിന്റെയും തൊഴില്‍. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ്, ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ശുഭം ലോങ്കറിനെ പരിചയപ്പെടുന്നത്. ഇയാള്‍ പറഞ്ഞതു പ്രകാരം, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയുമായി സ്‌നാപ്പ് ചാറ്റിലൂടെ ബന്ധപ്പെട്ടു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയാല്‍ 10 ലക്ഷം രൂപ പ്രതിഫലം തരാമെന്ന് വാഗ്ദാനം ചെയ്തു.
ബിഷ്‌ണോയി സംഘം നല്‍കിയ തോക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് ഇന്റര്‍നെറ്റിലെ വീഡിയോകള്‍ കണ്ട് പഠിച്ചു. ദിവസങ്ങളെടുത്ത് പരിശീലനം നേടിയ ശേഷമായിരുന്നു സിദ്ദിഖിയെ കൊലപ്പെടുത്തിയത്. മുന്‍കൂര്‍ തുകയായി 25000 രൂപ കൈപ്പറ്റി. ദൗത്യത്തിന് ശേഷം ഝാന്‍സി, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചു. നേപ്പാളിലേക്ക് കടക്കാന്‍ പദ്ധതിയുമ്പോഴാണ് ബഹ്‌റൈച്ചില്‍ പോലീസ് പിടിയിലായത്.
ഒക്ടോബര്‍ 12-നാണ് എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയില്‍വെച്ച് വെടിയേറ്റു മരിച്ചത്. നേരത്തെ രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആളുകളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.