കൊച്ചി: ചികില്‍സാ പിഴവിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഷംന മരിച്ച സംഭവത്തില്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. അതേസമയം മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാരും സര്‍ക്കാരും ചേര്‍ന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഷംനയുടെ കുട
ുംബം കോടതിയെ സമീപിച്ചു. ഷംനയ്ക്ക് നീതി തേടിയുള്ള പോരാട്ടത്തിനിടെ പിതാവ് അബൂട്ടിയും മരിച്ചു. തുടര്‍ന്നാണ് നിയമപോരാട്ടം അമ്മ ഷെരീഫ ഏറ്റെടുത്തത്.
2016 ജൂലായ് 18നാണ് കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്നിം ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. പനിക്ക് ചികില്‍സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ആശുപത്രിയിലെ ചികില്‍സാ പിഴവാണ് മരണ കാരണമെന്ന് വ്യക്തമായ സാഹചര്യത്തില്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായാണ് ഷംനയുടെ ഉമ്മ ഷെരീഫ എറണാകുളം സബ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷംനയെ ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരായ ജില്‍സ് ജോര്‍ജിന്റെയും കൃഷ്ണമോഹന്റെയും പിഴവാണ് മരണകാരണമെന്ന് സംഭവത്തെ പറ്റി ആദ്യം അന്വേഷിച്ച ഉന്നതതല സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഡോക്ടര്‍മാര്‍ നല്കിയ ഹര്‍ജിയില്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരിന്നു.