ന്യൂഡൽഹി : നവംബർ 8. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തൻറെ അവസാന പ്രവൃത്തി ദിവസം പൂർത്തിയാക്കി. 2022 നവംബർ പത്തിനാണ് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്. നവംബർ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനെ ആദരിക്കാൻ അഭിഭാഷകരും ബാർ അസോസിയേഷനിലെ അംഗങ്ങളും ഒത്തു ചേർന്നിരുന്നു.
കോടതിയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ, എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല. പക്ഷേ, ഞാൻ സംതൃപ്തനാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രചൂഡിന്റെ പിൻഗാമിയായി നവംബർ 11ന് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയുടെ 51ാ മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭിന്നശേഷിക്കാർക്കായി മിറ്റി കഫേ, വനിതാ അഭിഭാഷകർക്കായി പ്രത്യേക ബാർ റൂം, സുപ്രീംകോടതി പരിസരം മോടിപിടിപ്പിക്കുന്ന പദ്ധതികൾ തുടങ്ങി നിരവധി മാറ്റങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത് നടത്തിയത്.
2016 മെയ് 13-നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്.
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.