പാലക്കാട്: കള്ളപ്പണം ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ വിശദീകരണവുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെ.പി.എം. ഹോട്ടലിൽ നിന്ന് താൻ കയറിയത് ഷാഫിയുടെ കാറിലാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ചില കാര്യങ്ങൾ സംസാരിക്കാനായി കുറച്ചു ദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. തുടർന്ന് പ്രസ് ക്ലബ്ബിന് മുമ്പിൽ വെച്ച് സുഹൃത്തിന്റെ ഇന്നോവയിൽ കയറി കോഴിക്കോട്ടേക്ക് പുറപ്പെട്ടെന്നും രാഹുൽ പറഞ്ഞു. താൻ ഏത് നുണപരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ രാഹുൽ അസ്മ ടവറിൽ രാത്രിയിൽ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രദർശിപ്പിച്ചു.
ഹോട്ടലിൽ നിന്ന് ഇറങ്ങി ഷാഫി പറമ്പിലിന്റെ വണ്ടിയിൽ കയറി. അദ്ദേഹത്തിന്റെ സ്റ്റാഫ് വാഹനത്തിൽ ഉണ്ടായിരുന്നു. പ്രസ് ക്ലബ്ബിന്റെ മുമ്പിൽ വെച്ച് ഷാഫി പറമ്പിലിന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി സ്വന്തം വാഹനത്തിൽ കയറി. അവിടെ നിന്ന് കെആർ ടവറിനടുത്തെത്തിയ ശേഷം എന്റെ വാഹനത്തിൽ നിന്ന് നീല പെട്ടി പേഴ്സണൽ ഹാൻഡ് ബാഗ് അടക്കം സുഹൃത്തിന്റെ കാറിൽ കയറ്റിയ ശേഷം എന്റെ വാഹനം സർവീസ് ചെയ്യാൻ കൊടുക്കുന്നു. തുടർന്ന് സുഹൃത്തിന്റെ ഇന്നോവയിലാണ് കോഴിക്കോട്ടേക്ക് പോകുന്നത്.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് തങ്ങൾ പോയ ശേഷമാണ് അസ്മ ടവറിലേക്ക് പോകുന്നത്. ഫസൽ അബ്ബാസിന്റെ കൈയിലാണ് അന്ന് പെട്ടി ഉണ്ടായിരുന്നത്. അസ്മ ടവറിൽ 312-ാം മുറിയിലാണ് താസിച്ചത്. കിടന്നുറങ്ങുന്നു. ഇടത്തോട്ട് ചെരിഞ്ഞുകിടന്നാണ് ഉറങ്ങുന്നത്. കുറച്ചു നേരം ഉറങ്ങാൻ പറ്റിയത്. പെട്ടെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഫോൺ വരുന്നു.
പെട്ടെന്ന് റെഡിയായി ഡ്രസ് മാറി. പ്രവീൺ കുമാറിന്റെ കാറിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ കൂടെ ഹോട്ടലിൽ നിന്നിറങ്ങി കാന്തപുരം ഉസ്താദിനെ കാണാൻ പോകുന്നു. അവിടെ നിന്ന് പ്രവീൺ കുമാറിന്റെ കാറിൽ തന്നെ വീണ്ടും അസ്മാ ടവറിൽ എത്തിയെന്നും രാഹുൽ പറഞ്ഞു. എന്തെങ്കിലും ഒരു വാചകം മിസ്സായാൽ അടുത്ത സിസിടിവിയാണല്ലോ അതുകൊണ്ടാണ് വിശദമാക്കുന്നതെന്നും രാഹുൽ പരിഹാസത്തോടെ പറഞ്ഞു. വാഹനം മാറിക്കയറുന്നത് നിയമപരമായി യാതൊരു പ്രശ്നവുമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ ഇല്ലേ എന്ന് അന്വേഷിക്കാൻ ഞാൻ തന്നെ കേരളാ പോലീസിനോട് അഭ്യർത്ഥിക്കുന്നു. സിപിഎം നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. പോലീസ് പോലും സിപിഎം പറയുന്നതിനെ വിലക്കെടുക്കുന്നില്ല. തന്നോട് ഒരു പോലീസ് ഉദ്യോഗസ്ഥർ പോലും ചോദ്യം ചോദിക്കുന്നില്ലെന്നും രാഹുൽപറഞ്ഞു.
പെട്ടികളും കാറും അടക്കം താൻ പരിശോധനയ്ക്ക് വിട്ടുതരാമെന്നും നുണ പരിശോധനക്കടക്കം വിധേയനാകാൻ താൻ തയ്യാറാകണമെന്നും രാഹുൽ പറഞ്ഞു. സംഭവദിവസം മന്ത്രി എം.ബി. രാജേഷിന്റെ ഫോൺ കോൾ പരിശോധിക്കാൻ തയ്യാറാണോ എന്നും രാഹുൽ വെല്ലുവിളിച്ചു.