ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെയും നന്മയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസ നേർന്നത്. അദ്ദേഹത്തിന് പുറമേ മറ്റ് ലോകനേതാക്കളും ട്രംപിന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രപ്രധാനമായ വിജയം കൈവരിച്ച എന്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. കഴിഞ്ഞ തവണ നേടിയ വിജയം കണക്കിലെടുത്താൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ആഗോള പങ്കാളിത്തം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിയ്ക്കുമായി ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 267 ഇലക്ട്രൽ വോട്ടുകൾ ആണ് ട്രിംപിന് ലഭിച്ചിരിക്കുന്നത്. എതിർ സ്ഥാനാർത്ഥി കമല ഹാരിസിനെക്കാൾ ബഹുദൂരം മുൻപിലാണ് ട്രംപുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 224 ഇലക്ട്രൽ വോട്ടുകളാണ് കമല ഹാരിസിന് ലഭിച്ചിട്ടുള്ളത്.