ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സമൂഹത്തിനുള്ള ഭൗതിക വിഭവമായി കാണാനാകില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം പൊതു വിതരണത്തിനായി സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും സംസ്ഥാനത്തിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ മുൻ വിധിയെ അസാധു ആക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ പുതിയ വിധി. സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ആണ് ചൊവ്വാഴ്ച ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജന നന്മക്കോ ജനങ്ങൾക്ക് വിതരണത്തിനായോ സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഏറ്റെടുക്കാൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബിവി നാഗരത്‌ന, സുധാൻഷു ധൂലിയ, ജെബി പർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് എട്ട് അംഗങ്ങൾ. ഒമ്പതംഗ ബെഞ്ചിൽ 7 ജസ്റ്റിസുമാർ പൂർണമായും ഒരു ജസ്റ്റിസ് ഭാഗികമായും പിന്തുണച്ചു കൊണ്ടാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്റ്റിസ് ധൂലിയ ഈ വിധിയോട് വിയോജിച്ചു. ജസ്റ്റിസ് നാഗരത്‌ന ഭാഗിക വിയോജിപ്പും രേഖപ്പെടുത്തി.