കോട്ടയം : ഔദ്യോഗിക പരിപാടികൾക്കായി വ്യാഴാഴ്ച ജില്ലയിലെത്തിയ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യനെ നാട്ടകം ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ, കോട്ടയം വഴിയുള്ള റെയിൽ യാത്രാപ്രശ്നങ്ങളെക്കുറിച്ച് മന്ത്രിയുമായി ദീർഘനേരം ചർച്ച നടത്തി. മുൻ റെയിൽവേ പാസഞ്ചർ സർവീസസ് കമ്മിറ്റിയംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ യാത്രക്കാരുടെ ആവശ്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം സെക്രട്ടറി ശ്രീജിത്ത് കുമാർ യാത്രക്കാരുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്രമന്ത്രിയ്‌ക്ക് കൈമാറി. ജില്ലയിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയ ഏറ്റുമാനൂർ സ്റ്റേഷനിലെ ഇതുവരെയുള്ള വികസനപ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
പദ്ധതിയുടെ പൂർത്തീകരണത്തോടൊപ്പം ഏറ്റുമാനൂർ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് തടസ്സം നിൽക്കുന്ന പിറ്റ് ലൈന്റെ അഭാവം പരിഹരിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾക്കും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യാത്രക്കാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോട്ടയത്ത് നിന്ന് കൂടുതൽ സർവീസുകൾ പരിഗണിക്കണമെന്നും നമോ ഭാരത് സർവീസുകൾ കോട്ടയത്തേയ്‌ക്ക് ശുപാർശ ചെയ്യണ്ടതിന്റെ ആവശ്യകതയും സൂചിപ്പിക്കുന്ന ഒരു നിവേദനവും ഒപ്പം സമർപ്പിച്ചിട്ടുണ്ട്. മലബാർ മേഖലയിലേക്കുള്ള യാത്രാക്ലേശം കൂടി കണക്കിലെടുത്ത് മംഗലാപുരത്ത് നിന്ന് പുലർച്ചെ പുറപ്പെട്ട്, 12.00 ന് കോട്ടയം സ്റ്റേഷനിലെത്തി ഉച്ചയ്ക്ക് ശേഷം മടങ്ങി പോകുന്ന വിധം നമോ ഭാരത് സർവീസിന് പ്രഥമ പരിഗണന നൽകണമെന്നും അതിൽ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്.
മണ്ഡലകാലത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണിക്കണമെന്നും നിലവിലെ ട്രെയിനുകളിൽ രണ്ട് മാസം മുൻകൂട്ടി ബുക്ക് ചെയ്താൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ആണെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ബഹുദൂര ട്രെയിനികളിലെയും മധുര വഴി കൊല്ലത്ത് അവസാനിക്കുന്ന സ്പെഷ്യൽ ട്രെയിനുകളിലെത്തുന്ന അയ്യപ്പഭക്തർക്കുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച്, നിലവിലെ ദീർഘമായ ഇടവേളകൾ പരിഹരിക്കും വിധം കൂടുതൽ മെമു, പാസഞ്ചർ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് നൽകിയ ‘മണ്ഡലകാല മുന്നൊരുക്കങ്ങൾ” ഉൾപ്പെടുത്തിയ മറ്റൊരു നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള യാത്ര അതീവ ദുരിതമാണെന്നും വഞ്ചിനാട്, മലബാർ എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ അനിവാര്യതയും ശ്രീജിത്ത് കുമാർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പാസഞ്ചർ സർവീസ് കമ്മറ്റി ചെയർമാനൊപ്പം ഏറ്റുമാനൂർ സ്റ്റേഷൻ സന്ദർശിച്ച വേളയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതാണെന്നും ഏറ്റുമാനൂർ രാധാകൃഷ്ണൻ യാത്രക്കാരുടെ വാദഗതികളെ ശരിവെച്ച് സംസാരിച്ചു.
മണ്ഡലകാലത്ത് പ്രധാന ഇടാത്താവളമായി നിലകൊള്ളുന്ന ഏറ്റുമാനൂർ സ്റ്റെഷൻറെ പ്രാധാന്യം ഉൾക്കൊണ്ട് ശബരി സ്പെഷ്യൽ ട്രെയിനുകൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ വിശ്വാസികൾക്ക് വേളാങ്കണ്ണി തീർത്ഥാടനത്തിന് അനുയോജ്യമായ 16361/62 എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സും, ശബരിമല തീർത്ഥാടകാർക്കും തെലുങ്കാനയിലെ മലയാളികൾക്കും പ്രയോജനപ്പെടുന്ന പോലെ തിരിച്ച് ഏറ്റുമാനൂർ പരിസര പ്രദേശത്തുള്ള നിരവധി ഭക്തജനങ്ങൾക്ക് തിരുപ്പതി ക്ഷേത്ര ദർശനത്തിനും 17229/30 ശബരി എക്സ്പ്രസ്സിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
ഒപ്പം എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ സി എച്ച്, ബ്രില്യന്റ് കോളേജ്, ഐ ടി ഐ പോലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ പ്രധാന ആവശ്യമായി 16309/10 കായംകുളം എറണാകുളം എക്സ്പ്രസ്സ് മെമുവിന്റെ ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ സാധ്യതയും തേടി.
ഏറ്റുമാനൂർ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം വളരെ അനിവാര്യമാണെന്നും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ NSG 5 ലേയ്ക്ക് അപ്ഗ്രെഡ് ചെയ്യപ്പെട്ട ഏറ്റുമാനൂരിൽ കൂടുതൽ യാത്രാ സൗകര്യങ്ങൾ പരിഗണിക്കുമെന്നും കേന്ദ്രമന്തി ജോർജ്ജ് കുര്യൻ യാത്രക്കാരെ അറിയിച്ചു.
നൽകിയ നിവേദനങ്ങൾ പഠിച്ചശേഷം കേന്ദ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ചചെയ്യുകയും അടിയന്തിര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. യദു കൃഷ്ണൻ, ലെനിൻ കൈലാസ് എന്നിവരും യാത്രക്കാരെ പ്രതിനിധീകരിച്ച് സംസാരിച്ചു.