ജമ്മു കശ്മീരിലെ അഖ്നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി. പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
രാവിലെ ഏഴരയോടെയാണ് ആംബുലന്‍സ് അടങ്ങുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിവെച്ചത്. ആക്രമണം നടത്താന്‍ എത്തിയ ഭീകരരെ ഇതുവഴി ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികള്‍ വിവരം കൈമാറിയതിനാല്‍ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു.
ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിനുനേരെ വിവിധ ദിശകളില്‍ നിന്ന് വെടിയുതിര്‍ത്തു. ആക്രമണം തുടങ്ങി തൊട്ടുപിന്നാലെ കൂടുതല്‍ സൈനികര്‍ പ്രദേശത്തെത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ വനമേഖലയിലേക്ക് കടന്നു. വനമേഖലയിലേക്ക് ഒളിക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം പിന്‍തുടര്‍ന്നതോടെ ഏറ്റുമുട്ടല്‍ തുടങ്ങി. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
എന്‍എസ്ജി കമാന്‍ഡോകളും ഇവിടേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജമ്മു കശ്മീരില്‍ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച്ച ബാരാമുള്ളയിലെ ഗുല്‍മാര്‍ഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടിരുന്നു.