ഡല്‍ഹി:ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കാനാരുങ്ങി ഡിഒഇ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി)യാണ് മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സ്‌കൂളിലെത്തിയുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അനുഭവങ്ങള്‍ നല്‍കുന്നതും രസകരമാക്കാനും സമ്മര്‍ദരഹിതമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു.ബാഗ് രഹിത ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട് . ബാഗ് രഹിത ദിനങ്ങളില്‍ ഹാപ്പിനസ് കരിക്കുലം അല്ലെങ്കില്‍ ചെറിയ പഠനയാത്രകള്‍ നടത്താം.
ഈ ദിവസങ്ങളില്‍ ചരിത്രസ്മാരകങ്ങള്‍, സാംസ്‌കാരിക പ്രധാന്യമുള്ള സ്ഥലങ്ങള്‍, കരകൗശല സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോയി സന്ദര്‍ശിക്കാവുന്നതാണ്. കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കണ്ടുമുട്ടാനും വ്യത്യസ്ത ആശയങ്ങള്‍ പങ്കിടാനും ഈ ദിവസം അവസരമൊരുക്കാം.
ഇങ്ങനെ ചെയ്യുന്നത് വിവിധ പാരമ്പര്യങ്ങളെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ധാരണ വിശാലമാക്കാനും പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കാനും ഇത് അവരെ സഹായിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.