ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ. അടുത്ത മാസം ആരും തന്നെ എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറരുത് എന്നാണ് ഭീകര നേതാവിന്റെ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വിമാന കമ്പനി.
സിഖ് കൂട്ടക്കൊല നടന്നതിന്റെ 40ാം വാർഷികമാണ് അടുത്ത മാസം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി പന്നുൻ രംഗത്ത് എത്തിയത്. അടുത്ത മാസം ഒന്ന് മുതൽ 19 വരെയുള്ള തിയതികളിൽ ആരും എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യരുത് എന്നാണ് പന്നുന്റെ മുന്നറിയിപ്പ്. വിമാനം ബോംബ് വച്ച് തകർക്കുമെന്നും ഭീഷണിയുണ്ട്. വീഡിയോയിലൂടെയാണ് പന്നുൻ ഭീഷണി മുഴക്കിയത്. കഴിഞ്ഞ വർഷം നവംബറിലും സമാന രീതിയിൽ പന്നുൻ ഭീഷണിപ്പെടുത്തിയിരുന്നു.
നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് നിരന്തരമായി ഭീഷണി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഖാലിസ്ഥാൻ ഭീകര നേതാവ് തന്നെ രംഗത്ത് എത്തിയത്. നേരത്തെ വന്ന ഭീഷണികൾക്കും പിന്നിലും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന സംശയത്തിലേക്ക് ആണ് ഇത് അധികൃതരെ എത്തിക്കുന്നത്.
ഇതുവരെ 20 ഓളം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നത്. വിമാനങ്ങളിൽ ബോംബുവച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് എല്ലാ സന്ദേശങ്ങളും എത്തിയിരിക്കുന്നത്. ഖാലിസ്ഥാൻ ഭീകര നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്ക് ശേഷമാണ് വിമാനങ്ങൾക്ക് നേരെ ഇത്രയും അധികം ഭീഷണി ഉയരാൻ തുടങ്ങിയത്.