തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതോടെ ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയിയ്ക്ക് അപേക്ഷ നല്‍കി. ആറ് മാസത്തെ അവധിക്ക് ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അപേക്ഷ നല്‍കി. ശിവശങ്കര്‍ പദവിയിലിരിക്കെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലുണ്ടാകുന്നത് സര്‍ക്കാരിന് ക്ഷീണമായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്ത് ഇന്ന് അദ്ദേഹത്തെ മാറ്റിയത്.
തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന വിവര പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കരനെ മാറ്റിയത്. മിര്‍ മുഹമ്മദിനാണ് പകരം ചുമതല. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം. സ്പ്രിംക്ളര്‍ വിവാദത്തിലും ഐ.ടി സെക്രട്ടറി ആരോപണവിധേയനായിരുന്നു.
അതേസമയം, എയര്‍ ഇന്ത്യാ സാറ്റ്സില്‍ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വര്‍ണം കടത്തിയതായുള്ള വിവരം പുറത്തുവന്നു. സാറ്റ്സിലെ കരാര്‍ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വര്‍ണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്ന കരാര്‍ ജീവനക്കാരിയായിക്കെ നടന്ന സ്വര്‍ണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയില്‍ വന്നേക്കും.