30 C
Kottayam
Sunday, May 12, 2024

ഭക്ഷണസാധനമാണെന്ന് കരുതി നാടന്‍ ബോംബ് കടിച്ചു; എട്ടുവയസുകാരന്റെ താടിയെല്ല് തകര്‍ന്നു

Must read

തിരുവണ്ണാമല: ഭക്ഷണസാധനമാണെന്ന് കരുതി വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ എട്ടു വയസ്സുകാരന്റെ താടിയെല്ല് തകര്‍ന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉണ്ടായ സംഭവത്തില്‍ ദീപക് എന്ന എട്ടു വയസ്സുകാരനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവണ്ണാമല സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് ചെന്നൈയിലെ സ്റ്റാന്‍ലി ഹോസ്പിറ്റലിലേക്കും മാറ്റി.

ചെംഗത്തിന് സമീപം കരിയാമംഗലം ഗ്രാമത്തിലാണ് കുട്ടിയുടെ വീട്. ഞായറാഴ്ച ആയിരുന്നു സംഭവം. ആടു മേയ്ക്കാന്‍ കാട്ടിലേക്ക് പോയ മുത്തച്ഛനുള്ള ഉച്ചഭക്ഷണവുമായി ഒരു കൂട്ടുകാരനൊപ്പമാണ് ദീപക് പോയത്. കുറച്ച് നേരം അവിടെ കളിച്ച ശേഷം വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു കാട്ടില്‍ നിന്നും നാടന്‍ബോംബ് കണ്ടെത്തിയത്.

ഇറച്ചിക്ക് വേണ്ടി കാട്ടുമൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന ബോംബ് കണ്ട് കൗതുകം തോന്നിയ കുട്ടി ഇതെടുക്കുകയായിരുന്നു. അസാധാരണ വസ്തുവായതിനാലും നല്ല മണം ഉണ്ടായിരുന്നതിനാലും വഴിയാത്രയ്ക്കിടയില്‍ തന്നെ കുട്ടി ഇതിന്റെ കെട്ടഴിക്കാന്‍ ശ്രമം നടത്തി. കുടുക്ക് അഴിയാതെ വന്നതോടെ വായില്‍ വെച്ച് അയയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ആയിരുന്നു സ്ഫോടനം.

പൊട്ടിത്തെറിയില്‍ കുട്ടിയുടെ താടിയെല്ലിന് കേടു പറ്റി. സ്ഫോടനം നടന്നയുടന്‍ നിലത്ത് വീണുപോയി. കൂട്ടത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഉടന്‍ തന്നെ വിവരം പ്രദേശവാസികളെ അറിയിക്കുകയും ഇവര്‍ ചെംഗത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് എഗ്മോറിലെ കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും തിരുവണ്ണാമലൈ മെഡിക്കല്‍ കോളേജിലേക്കും അതിന് ശേഷം സ്റ്റാന്‍ലി ഹോസ്പിറ്റിലിലേക്കും മാറ്റി.

തിന്നാന്‍ കഴിയുന്ന വസ്തുവാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി കെട്ടഴിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ വന്യമൃഗങ്ങളെ വേണ്ടയാടാന്‍ നാടന്‍ബോംബ് വെച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബോംബ് നിര്‍മ്മിച്ച ആള്‍ക്കെതിരേ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week