തിരുവനന്തപുരം: എയര്‍ ഇന്ത്യാ സാറ്റ്സില്‍ ജീവനക്കാരിയായിരിക്കുന്ന സമയത്തും സ്വപ്ന സ്വര്‍ണം കടത്തിയതായി സംശയം. സാറ്റ്സിലെ കരാര്‍ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വര്‍ണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്ന കരാര്‍ ജീവനക്കാരിയായിക്കെ നടന്ന സ്വര്‍ണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയില്‍ വന്നേക്കും.
അതേസമയം, ഐ ടി വകുപ്പില്‍ ജോയിന്‍ ചെയ്ത ശേഷവും സ്വപ്ന കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നതായും കോണ്‍സുലേറ്റിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതായുമുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ഒളിവിളില്‍ കഴിയുന്ന സ്വപ്ന സുരേഷിനെതിരെ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.
അതിനിടെ സ്വപ്ന സുരേഷിന് പോലീസിലും അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. മുന്‍പ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ നിന്ന് സ്വപ്നയ്ക്ക് പോലീസ് സംരക്ഷണം ഒരുക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ടാണ് സ്വപ്നയ്ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസില്‍ സ്വപ്നയെ സംരക്ഷിക്കാനും സിബുവിനെ കുടുക്കാനും ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കേസില്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചു. കേസ് അവസാനിപ്പിക്കാന്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു.