ആരോപണങ്ങള്‍ പുരുഷന്മാരുടെ കുടില തന്ത്രം; അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പാര്‍വ്വതി തിരുവോത്ത്
കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് സംവിധായക വിധു വിന്‍സെന്റിന്റെ രാജിയെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി പാര്‍വതി തിരുവോത്ത്. അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും സംഘടനക്കൊപ്പമെന്നും താരം വ്യക്തമാക്കി. ആരോപണങ്ങള്‍ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നും പാര്‍വതി ആഞ്ഞടിച്ചു.
ഡബ്ലിയുസിസിക്കെതിരെ വിധു വിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങളില്‍ സംഘടനക്കൊപ്പമെന്ന് വ്യക്തമാക്കിയാണ് പാര്‍വതി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നല്‍കിയത്. വിവാദങ്ങളില്‍ പരോക്ഷമായി പ്രതികരിച്ചാണ് താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്. ഫ്രഞ്ച് സാഹിത്യകാരന്‍ ആല്‍ബര്‍ട്ട് കമ്യൂസിന്റെ വരികള്‍ ഉദ്ധരിച്ചു നല്‍കിയ പോസ്റ്റിന് ലഭിച്ച കമന്റുകള്‍ക്ക് മറുപടിയായാണ് താരം അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് മറുപടി നല്‍കിയത്. വിവാദങ്ങള്‍ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നും, വിഷയത്തില്‍ പരസ്യ ചര്‍ച്ചയ്ക്കോ, ചെളിവാരിയെറിയലിനോ ഇല്ലെന്നും നടി വ്യക്തമാക്കി.
തുടക്കം മുതല്‍ വ്യക്തതയോടെയാണ് കളക്ടീവ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും ശരിയായ രീതിയിലാണ് ചര്‍ച്ചകളും ഇടപെടലുകളും. അതേ രീതിയില്‍ സംഘടന മുന്നോട്ടുപോകുമെന്നും താരം പറയുന്നു. നടി പാര്‍വതി തിരുവോത്തടക്കം ഡബ്ലിയുസിസിയിലെ മുന്‍നിര അംഗങ്ങളുടെ പേരെടുത്തു പരാമര്‍ശിച്ചായിരുന്നു വിധു വിന്‍സെന്റിന്റെ രാജിയുടെ വിശദീകരണം. വിധു വിന്‍സെന്റിന് പിന്നാലെ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും ഡബ്ലിയുസിസിക്കെതിരെ രംഗത്തുവന്നിരുന്നു.