ന്യൂഡല്‍ഹി: യു.ഡി.എഫ്-ജോസ് കെ മാണി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇടപെടുന്നു. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.
രണ്ട് എംപിമാരുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുന്നണി വിടുന്നത് യുപിഎയ്ക്ക് ദോഷം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി വിലയിരുത്തി. ജോസ് കെ മാണിയുമായുള്ള ചര്‍ച്ചയ്ക്ക് കേരളത്തിലെ നേതാക്കള്‍ മുന്‍കൈയെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. അതിന് പിന്നാലെ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.
യുഡിഎഫിലേക്കില്ലെന്ന നിലപാട് ജോസ് കെ മാണി നേരത്തേ വ്യക്തമാക്കിയതാണ്. ആ ഹൃദയ ബന്ധം മുറിഞ്ഞുവെന്നായിരുന്നു യുഡിഎഫ് നടപടിയോട് ജോസ് കെ മാണി പ്രതികരിച്ചത്. ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച ജോസ് കെ മാണി ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്നാണ് പറഞ്ഞത്.