മുംബൈ: ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായുടെ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരെ മിഹിര്‍ 40 തവണ വിളിച്ചതായാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെക്കുള്ള യാത്രക്കിടെയായിരുന്നു ഫോണ്‍കോളുകള്‍.
സംഭവത്തിന് ശേഷം മിഹിറും കൂടെയുണ്ടായിരുന്ന ഡ്രൈവറും സ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു. പിന്നീട് കല നഗറില്‍വെച്ച് മിഹിര്‍ കാറില്‍നിന്നിറങ്ങി ഒരു ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചത്. ഇതിനിടയിലായരുന്നു ഫോണ്‍കോളുകള്‍. പിന്നാലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി. പെണ്‍സുഹൃത്ത് മിഹിറിന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് സഹോദരി ഇവിടെയെത്തി മിഹിറിനെയും സുഹൃത്തിനെയും ബോറിവള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശിവസേന ഷിന്ദേ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ബി.എം.ഡബ്ല്യൂ. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കാവേരി നഖ്വ(45)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈ വര്‍ളിയിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കാവേരിയെയും ഭര്‍ത്താവ് പ്രദീപിനെയും അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ. കാര്‍ ഇടിച്ചിടുകയായിരുന്നു.
കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങിക്കിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു.