ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി കളത്തിലിറങ്ങിയ മത്സരത്തില്‍ സിംബാബ്വേയെ തകര്‍ത്ത് ഇന്ത്യ. മൂന്നാം ടി20 യില്‍ 23 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്വേ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്‌സ് സിംബാബ്വേയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് തുണയായത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).
ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടയില്‍ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായി. വെസ്ലി മാധവ്‌റെ(1), മരുമാനി(13), ബ്രയാന്‍ ബെന്നറ്റ്(4) എന്നിവര്‍ പുറത്തായി. പിന്നാലെ വന്നവരില്‍ ഡിയോണ്‍ മയേഴ്‌സും ക്ലൈവ് മദണ്ടെയുമാണ് സിംബാബ്വേയ്ക്കായി അല്‍പ്പമെങ്കിലും പൊരുതിയത്. ക്ലൈവ് 26 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.49 പന്തില്‍ നിന്ന് ഡിയോണ്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്കന്ദര്‍ റാസ(15), ജൊനാഥന്‍ കാംബെല്‍(1)എന്നിവര്‍ നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വേ 159 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ നിശ്ചിത 20-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. സിംബാബ്വേ ബോളര്‍മാരെ അടിച്ചുകളിച്ച ഇരുവരും ആദ്യ മൂന്ന് ഓവറില്‍ തന്നെ ടീം സ്‌കോര്‍ 40 കടത്തി. എന്നാല്‍ പവര്‍പ്ലവേയിലെ ശേഷിക്കുന്ന ഓവറുകള്‍ നന്നായി പന്തെറിഞ്ഞ സിംബാബ്വേ ബോളര്‍മാര്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തി. ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.
ടീം സ്‌കോര്‍ 67-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ലോകകപ്പിനുശേഷം ടീമിലെത്തിയ ജയ്‌സ്വാളാണ് പുറത്തായത്. 27 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത താരത്തെ സിക്കന്ദര്‍ റാസയാണ് മടക്കിയത്. പിന്നാലെയെത്തിയ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരം സെഞ്ചുറി പ്രകടനത്തോടെ തിളങ്ങിയ അഭിഷേകിന് ഇക്കുറി പത്ത് റണ്‍സ് മാത്രമാണ് നേടാനായത്. വീണ്ടും സിക്കന്ദര്‍ റാസയാണ് വിക്കറ്റെടുത്തത്.
ശേഷം ക്രീസിലൊന്നിച്ച നായകന്‍ ശുഭ്മാന്‍ ഗില്ലും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 13-ാം ഓവറില്‍ 19 റണ്‍സ് കണ്ടെത്തിയ ഇരുവരും ടീം സ്‌കോര്‍ നൂറ് കടത്തി. പിന്നാലെ ഗില്‍ അര്‍ധസെഞ്ചുറിയും തികച്ചു. 15-ഓവര്‍ അവസാനിക്കുമ്പോള്‍ 127-2 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് ഗില്ലും ഗെയ്ക്വാദും തകര്‍ത്തടിച്ചു. 17-ാം ഓവറില്‍ 18 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ടീം സ്‌കോര്‍ 153 ല്‍ നില്‍ക്കേ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 49 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 66 റണ്‍സാണ് താരമെടുത്തത്. പിന്നീട് സ്‌കോറുയര്‍ത്തിയ ഗെയ്ക്വാദ് അര്‍ധസെഞ്ചുറിക്കരികെ വീണു. 28 പന്തില്‍ നിന്ന് 49 റണ്‍സെടുത്താണ് ഗെയ്ക്വാദ് മടങ്ങിയത്. സഞ്ജു ഏഴ് പന്തില്‍ നിന്ന് രണ്ട് ഫോറുള്‍പ്പെടെ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒടുക്കം നാല് വിക്കറ്റ് നഷ്ടത്തില്‍ 182 ന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.സിംബാബ്‌വേക്കായി സികക്ന്ദര്‍ റാസയും ബ്ലെസ്സിങ് മുസര്‍ഡബാനിയും രണ്ട് വീതം വിക്കറ്റെടുത്തു.