കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കെനിയന്‍ പൗരനില്‍നിന്ന് ഡി.ആര്‍.ഐ. 1300 ഗ്രാം മയക്കുമരുന്ന് പിടികൂടി. നംഗ ഫിലിപ്പ് എന്നയാളില്‍നിന്നാണ് ഡി.ആര്‍.ഐ. സംഘം കൊക്കെയ്ന്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 13 കോടിയോളം രൂപ വില വരുമെന്നാണ് വിവരം.
1100 ഗ്രാം ലഹരിമരുന്ന് ദ്രവരൂപത്തില്‍ മദ്യക്കുപ്പിയിലാക്കിയ നിലയില്‍ കെനിയന്‍ പൗരന്റെ ചെക്ക്-ഇന്‍ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയില്‍നിന്ന് മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തില്‍ കൊക്കെയ്ന്‍ കലര്‍ത്തിയായിരുന്നു ഇയാളുടെ കടത്ത്. സംസ്ഥാനത്ത് ദ്രവരൂപത്തിലുള്ള കൊക്കെയ്ന്‍ പിടികൂടുന്നത് ആദ്യമായാണ്. ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 200 ഗ്രാം ലഹരിമരുന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തി.
കഴിഞ്ഞ മാസം നെടുമ്പാശ്ശേരിയില്‍ എത്തിയ ടാന്‍സാനിയക്കാരായ രണ്ടുപേരുടെ പക്കല്‍നിന്ന് ഡി.ആര്‍.ഐ. 30 കോടി രൂപയിലേറെ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിമരുന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇവര്‍ എത്തിയത്. ആലുവ താലൂക്ക് ആശുപത്രിയില്‍ രണ്ടാഴ്ചയോളം താമസിപ്പിച്ചാണ് ഇവരുടെ വയറ്റില്‍നിന്ന് ക്യാപ്‌സൂളുകള്‍ പുറത്തെടുത്തത്.