ഹരാരെ:ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വെടിക്കെട്ട് താരം അഭിഷേക് ശര്‍മ. കേവലം 47 പന്തുകളില്‍നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും സഹിതമാണ് സെഞ്ചുറി. സിംബാബ്‌വെയിലെ കടുത്ത ബുദ്ധിമുട്ടുള്ള പിച്ചില്‍ 212.77 സ്‌ട്രൈക്ക് റേറ്റിലാണ് ഈ പ്രകടനം. 100 റണ്‍സെടുത്ത താരം 14-ാം ഓവറില്‍ മസാകദ്‌സയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ക്യാച്ചായി പുറത്താവുകയായിരുന്നു.
അത്യന്തം സുന്ദരമായ ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മയുടേത്. സിംബാബ്‌വെയ്‌ക്കെതിരേ ശനിയാഴ്ച നടന്ന ആദ്യ ഏകദിനത്തിലായിരുന്നു അഭിഷേകിന്റെ ഇന്ത്യന്‍ ജഴ്‌സിയിലുള്ള അരങ്ങേറ്റം. ആദ്യ മത്സരത്തിന് പൂജ്യത്തിന് പുറത്തായി നിറംകെട്ടു. പക്ഷേ, ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഐ.പി.എലില്‍ ഹൈദരാബാദില്‍ നടത്തിയ ഇന്നിങ്‌സ് അനുസ്മരിപ്പിക്കുന്ന വിധം ബാറ്റുവീശുകയായിരുന്നു.
30 പന്തില്‍ 41 എന്ന നിലയിലായിരുന്ന താരം പിന്നീട് 17 പന്തുകളില്‍ 100-ലെത്തി. 33 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച താരം തുടര്‍ന്ന് സെഞ്ചുറിയിലേക്കെത്തിയത് കേവലം 14 പന്തുകളില്‍. നിര്‍ഭയത്വം നിറഞ്ഞ ഇന്നിങ്‌സ് കൂടിയായിരുന്നു അഭിഷേകിന്റേത്. സിക്‌സടിച്ചാണ് അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും തികച്ചത്. ഡിയോണ്‍ മിയേഴ്‌സിന്റെ 11-ാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പെടെ 28 റണ്‍സ് നേടി.
ടി20-യില്‍ ഉള്‍പ്പെടെ ഈവര്‍ഷം 50 സിക്‌സ് നേടാനും അഭിഷേകിനായി. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സ് എന്നത് അഭിഷേകിന്റെ പേരിലായി. 46 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കുറഞ്ഞ പന്തുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാവാനും അഭിഷേകിന് കഴിഞ്ഞു. 46 പന്തുകളില്‍നിന്ന് കെ.എല്‍. രാഹുലും സെഞ്ചുറി നേടിയിരുന്നു. 35 പന്തില്‍നിന്ന് സെഞ്ചുറി നേടിയ രോഹിത് ശര്‍മ, 45 പന്തില്‍നിന്ന് സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്.