അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നിരവധി പേർ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ സംശയം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞയുടൻ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിവരികയാണ്. അപകടത്തിന് കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സച്ചിൻ ജിഐഡിസി ഏരിയയിലെ പാലി ഗ്രാമത്തിൽ 2017ൽ നിർമ്മിച്ച ജീർണിച്ച കെട്ടിടമാണ് തകർന്നുവീണത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പെയ്‌ത കനത്ത മഴയാണ് അപകടാവസ്ഥയിൽ ഉണ്ടായിരുന്ന കെട്ടിടം തകർന്നു വീഴാൻ കാരണമായത്.
ഡെപ്യൂട്ടി മേയർ നരേന്ദ്ര പാട്ടീൽ ഉൾപ്പെടെ നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്. കെട്ടിടത്തിൽ 30 ഫ്‌ളാറ്റുകളുണ്ടെന്നും അഞ്ച് മുതൽ ആറ് വരെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നും സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് അറിയിച്ചു.
“കെട്ടിടം തകർന്നുവീണ് അഞ്ച് മിനിറ്റിന് ശേഷം പോലീസിൽ വിവരമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും റെസ്ക്യൂ ടീമും ഉടൻ സ്ഥലത്തെത്തി. 30 ഫ്ലാറ്റുകളുള്ള കെട്ടിടമാണിത്. 5 മുതൽ 6 വരെ കുടുംബങ്ങൾ അവിടെ താമസിച്ചിരുന്നു. അഗ്നിശമന സേനാ സംഘം ഒരു സ്ത്രീയെ അവശിഷ്‌ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്. കെട്ടിടം തകരുമ്പോൾ നിരവധി ആളുകൾ അതിനുള്ളിൽ ഉണ്ടായിരുന്നതായി വാച്ച്മാൻ പറഞ്ഞു” ഗെലോട്ട് വ്യക്തമാക്കി.
കൂടുതൽ പരിശോധനക്കായി ഫോറൻസിക് സംഘം ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയവർക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾ സൂറത്തിലേക്കുള്ള യാത്രയിലാണെന്നും കളക്‌ടർ അറിയിച്ചു. എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നതിനെക്കുറിച്ച് എന്തെങ്കിലും പറയുക പ്രയാസമാണെന്നും കളക്‌ടർ സൗരബ് പാർദി അറിയിച്ചു.