പത്തനംതിട്ട: കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സി.പി.എം. ആര്‍.എസ്.എസ്സിനുവേണ്ടിയാണ് ശരണ്‍ ചന്ദ്രന്‍ കേസുകളില്‍ പ്രതിയായതെന്നും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ എടുക്കേണ്ട കേസല്ല കാപ്പയെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ശരണ്‍ ചന്ദ്രന്‍ സാമൂഹ്യവിരുദ്ധനല്ല. അദ്ദേഹത്തെ കാപ്പ ചുമത്തിയതിന്റെ പേരിൽ നാടുകടത്തിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
‘കാപ്പയെ സംബന്ധിച്ച് ശരിയായ ധാരണയില്ലാത്തതുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശരണ്‍ ചന്ദ്രന്‍ യുവമോര്‍ച്ചയുടെ ചിറ്റാര്‍ മേഖലാ പ്രസിഡന്റായിരുന്നു. ആര്‍.എസ്.എസ്സിന്റേയും സജീവപ്രവര്‍ത്തകനായിരുന്നു. ആ പ്രസ്ഥാനത്തിനുവേണ്ടി നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. അയാള്‍ വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടി അയാള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. അതിന്റെ പേരില്‍ അയാളുടെപേരില്‍ നിരവധി കേസുകള്‍ ഉണ്ടായി.’ -ഉദയഭാനു പറഞ്ഞു.
‘കാപ്പ സ്വാഭാവികമായി എടുക്കുന്നത് സാമൂഹ്യവിരുദ്ധര്‍ക്കെതിരായിട്ടാണ്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ എടുക്കേണ്ട കേസല്ല കാപ്പ. ഒരുപാട് കേസുവന്നതുകൊണ്ട് പോലീസ് അദ്ദേഹത്തെ താക്കീത് ചെയ്തു. സാധാരണയായി കാപ്പ കേസ് ചുമത്തിയവരെ ആറ് മാസത്തേക്ക് ജില്ലയില്‍ നിന്ന് നാടുകടത്തും. വീണ്ടും കേസില്‍ പ്രതിയായാല്‍ ജയിലിലടയ്ക്കുകയോ ഒരുവര്‍ഷത്തേക്ക് നാടുകടത്തുകയോ ചെയ്യും. ഇത്തരം കേസുകളിലൊന്നും അദ്ദേഹം പ്രതിയായിട്ടില്ല.’ -ഉദയഭാനു തുടര്‍ന്നു.
‘ആര്‍.എസ്.എസ്സില്‍ നിന്നപ്പൊ അദ്ദേഹം പരിശുദ്ധനായിരുന്നു. ആര്‍.എസ്.എസ്സിനുവേണ്ടിയാണ് അദ്ദേഹം ഈ കേസുകളിലെല്ലാം പ്രതിയായത്. ശബരിമല കേസിലും പ്രതിയാണ് അദ്ദേഹം. ആ പ്രസ്ഥാനം അവരെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് എന്ന് മനസിലായപ്പോഴാണ് ശരണ്‍ ഉള്‍പ്പെടെ 63-ഓളം ചെറുപ്പക്കാര്‍ അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അദ്ദേഹം കാപ്പ കേസില്‍ പ്രതിയല്ല. കാപ്പയെന്നാല്‍ ജീവിതകാലം മുഴുവന്‍ പ്രതിയല്ല. ആറുമാസമായപ്പോള്‍ ആ കേസ് തീര്‍ന്നു.’ -ഉദയഭാനു പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് കാപ്പാ കേസ് പ്രതി സി.പി.എമ്മില്‍ ചേര്‍ന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശരണിന്റെ പാര്‍ട്ടി പ്രവേശം. കുമ്പഴയില്‍ നടന്ന സമ്മേളനത്തിലാണ് സി.പി.എം അംഗത്വം കൊടുത്തത്.
പുതുതായി വന്നവര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രനെ നാടു കടത്താതെ താക്കീത് നല്‍കി വിടുകയായിരുന്നു. എന്നാല്‍, പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസില്‍ ഇയാള്‍ പ്രതിയായതോടെ കാപ്പ ലംഘിച്ചതിന് മലയാലപ്പുഴ പോലീസ് ശരണിനെ അറസ്റ്റ് ചെയ്തു.
ജൂണ് 23-നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരണ്‍ നേരത്തെ ബി.ജെ.പി. അനുഭാവിയായിരുന്നു. മന്ത്രി വീണാ ജോര്‍ജിനെ കൂടാതെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന്‍, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.