കൊല്ലം: എസ്.എഫ്.ഐയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തര്‍ക്കം തുടരവെ കൊല്ലത്ത് എ.ഐ.എസ്.എഫില്‍ കൂട്ടരാജി. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനവിട്ടെത്തിയ ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ളവര്‍ എസ്.എഫ്.ഐയില്‍ അംഗത്വമെടുത്തു. എ.ഐ.എസ്.എഫ്. ശൂരനാട് മണ്ഡലം സെക്രട്ടറി പ്രിയദര്‍ശന്‍, എ.ഐ.എസ്.എഫ്. കൊല്ലം സിറ്റി മണ്ഡലം സെക്രട്ടറി നിയാസ്, എ.ഐ.എസ്.എഫ്. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയംഗം സുമിന്‍ തുടങ്ങി പത്തോളം പേരാണ് എസ്.എഫ്.ഐയില്‍ ചേര്‍ന്നത്.
എ.ഐ.എസ്.എഫിന്റെ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകളും കപട ഇടതുപക്ഷവാദത്തിനും എതിരായി നിലകൊള്ളുന്നതിനാലും കാംപസില്‍ ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനാലുമാണ് എസ്.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറായതെന്ന് എസ്.എഫ്.ഐ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കെ. തുളസീധരന്‍ സ്മാരകത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ എസ്.എഫ്.ഐ. കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. ഗോപികൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. എ.ബി.വി.പി. ചന്ദനത്തോപ്പ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന അരുണിമയും എസ്.എഫ്.ഐയില്‍ ചേര്‍ന്നു.
എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിനെതിരെ സി.പി.എം. നേതാക്കളായ എ.കെ. ബാലനും എന്‍.എന്‍. കൃഷ്ണദാസും രംഗത്തെത്തി. എസ്.എഫ്.ഐക്ക് വരുന്ന ചെറിയ വീഴ്ച പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. അതേസമയം, എസ്.എഫ്.ഐ. തിരുത്തണമെന്ന തന്റെ നിലപാട് ബിനോട് വിശ്വം വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു.