മലപ്പുറം: ലഹരിക്കായി കുട്ടികൾ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയനീക്കം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി സി ടി വി ക്യാമറകൾ സ്ഥാപിക്കും. ഒരു മാസത്തിനകം ക്യാമറകൾ വെക്കണമെന്ന് മലപ്പുറം കളക്ടർ ഉത്തരവിറക്കി. മറ്റു ജില്ലകളിലും സമാന രീതി പിന്തുടരും.
ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എക്സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ വിൽക്കുന്ന എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഫർമാസികളിലും ക്യാമറകൾ വെക്കാനാണ് നിർദേശം. ക്യാമറകൾ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്സ് കോൺട്രോൾ അതോറിറ്റി പരിശോധിക്കണം. ക്യാമറ ദൃശ്യം ജില്ലാ ഡ്രഗ്സ് കോൺട്രോൾ അതോറിറ്റി, ചൈൽഡ് വെൽഫയർ പൊലീസ് ഓഫീസർ എന്നിവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.
മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ദേശീയതലത്തിൽ സാമൂഹിക നീതിവകുപ്പ് നടത്തിയ പഠനത്തിൽ രാജ്യത്ത് 272 ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണ്ടതായി കണ്ടെത്തിയിരുന്നു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് , നർക്കോട്ടിക് കണ്ട്രോൾ ബ്യുറോ, എന്നിവർ ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.