ബാര്‍ബഡോസ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കുട്ടി ക്രിക്കറ്റിലെ രാജാക്കര്‍മാരെ കണ്ടെത്താനുളള ടി20 ലോകകപ്പിന്റെ കിരീടധാരണം ഇന്നു നടക്കാനിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവവില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയും സൗത്താഫ്രിക്കയുമാണ് മുഖാമുഖം വരുന്നത്. രാത്രി എട്ടു മണിക്കാണ് മല്‍സരമാരംഭിക്കുക.
2007ലെ പ്രഥമ ടി20 ലോകകപ്പിലെ വിജയികളായ ഇന്ത്യ രണ്ടാം ലോകകപ്പാണ് സ്വപ്‌നം കാണുന്നത്. അന്നു ടീമിന്റെ ഭാഗമായിരുന്ന രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ ഇത്തവണ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. രോഹിത്തിന്റെയും മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെയും കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ ലോകകപ്പ് നേട്ടതോടെ ഗംഭീരമായി തന്നെ പടിയിറങ്ങാനായിരിക്കും ഇരുവരുടെയും ആഗ്രഹം.
മറുഭാഗത്തു സൗത്താഫ്രിക്കയ്ക്കു ഇതു ലോകകപ്പില്‍ കന്നി ഫൈനലാണ്. ടി20 ലോകകപ്പില്‍ മാത്രമല്ല ഏകദിന ലോകകപ്പിലും അവര്‍ നേരത്തേ ഫൈനലിലെത്തിയിട്ടില്ല. നിര്‍ഭാഗ്യങ്ങള്‍ എല്ലാ കാലത്തും വേട്ടയാടിയിട്ടുള്ള സൗത്താഫ്രിക്ക ഇത്തവണ ലോകകിരീടവുമായി ഇവയ്‌ക്കെല്ലാം പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.
ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോാലും തോല്‍ക്കാതയാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഫൈനലില്‍ കടന്നത്. സൗത്താഫ്രിക്ക തുടരെ എട്ടു കളികള്‍ ജയിച്ചപ്പോള്‍ ഇന്ത്യ ഏഴു മല്‍സരങ്ങളും ജയിച്ചു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഗ്രൂപ്പുഘട്ടത്തില്‍ ചിരവൈരികളായ പാകിസ്താന്‍, അയര്‍ലാന്‍ഡ്, അമേരിക്ക എന്നിവരെയാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. കാനഡയുമായുള്ള മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരെ തുരത്തിയ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെയും കെട്ടുകെട്ടിക്കുകയായിരുന്നു.
അതേസമയം, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവരെ തോല്‍പ്പിച്ചാണ് സൗത്താഫ്രിക്ക സൂപ്പര്‍ എട്ടിലെത്തിയത്. കടുപ്പമേറിയ സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവരെ പരാജയപ്പെടുത്തിയ സൗത്താഫ്രിക്ക സെമി ഫൈനലില്‍ അഫ്ഗാനിസ്താനെതിരേ ഏപക്ഷീയ വിജയവും സ്വന്തമാക്കുകയായിരുന്നു.
സാധ്യതാ പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്‍ട്രിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.