CricketKeralaNewsSports

T20 World Cup 2024: നിവൃത്തിയില്ലെങ്കില്‍ മാത്രം ടീമില്‍ സ്ഥാനം,ടീമിലെടുത്താല്‍ കളത്തിലിറക്കില്ല; സഞ്ജു ഇന്ത്യ വിടേണ്ട സമയം അതിക്രമിച്ചു?

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിന്റെ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. ആവേശകരമായ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയപ്പോഴും ആരാധകരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ അഭാവമാണ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ സഞ്ജുവിന് മുന്നില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഫൈനലിലേക്കെത്തുമ്പോഴും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ മാത്രമാണ്.

ബംഗ്ലാദേശിനെതിരേ പോലും സഞ്ജുവിനെ കളിപ്പിച്ചില്ല. ഫൈനലിലും സഞ്ജുവിന് ഇടമുണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. സഞ്ജു വീണ്ടും വീണ്ടും തഴയപ്പെടുമ്പോഴും ചെറു പുഞ്ചിരിയോടെ അദ്ദേഹം ഈ അവഗണനകളെയെല്ലാം നേരിടുകയാണ്. സഞ്ജുവാവുക എളുപ്പമല്ലെന്ന് തന്നെ പറയാം. സഞ്ജുവിന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും താരമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ വിട്ട് അമേരിക്കയിലേക്കോ അയര്‍ലന്‍ഡിലേക്കോ പോകുമായിരുന്നു.

എന്നാല്‍ സഞ്ജു ഇതിനൊന്നും തയ്യാറാകാതെ ഇന്ത്യക്കായി മാത്രം കളിക്കുകയുള്ളൂ എന്ന നിലപാടിലാണ്. ഉന്മുക്ത് ചന്ദടക്കം പല ഇന്ത്യന്‍ താരങ്ങളും അവസരം കുറഞ്ഞതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് മറ്റ് ടീമുകള്‍ക്കായി കളിക്കാന്‍ പോയി. അമേരിക്ക, കാനഡ, അയര്‍ലന്‍ഡ് ടീമുകളിലെല്ലാം ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം കാണാനാവും. എന്നാല്‍ ഇതേ വഴിയേ പോകാന്‍ സഞ്ജു സാംസണ്‍ തയ്യാറാകുന്നില്ല. അദ്ദേഹത്തെ തഴയുമ്പോഴും ഇന്ത്യന്‍ ടീമിനൊപ്പം മാത്രമേ കളിക്കുകയൂള്ളുവെന്നതാണ് നിലപാട്.

സഞ്ജുവിന്റെ ആത്മാര്‍ത്ഥതയാണ് അദ്ദേഹത്തിന്റെ കരിയറിലെ വില്ലന്‍. സഞ്ജുവിന് വളരാനുള്ള അവസരം മുന്നിലുണ്ടെങ്കിലും ഇതിന് സാധിക്കാത്തതിന് കാരണം സഞ്ജുവിന്റെ തീരുമാനങ്ങളാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. എന്നാല്‍ രാജസ്ഥാന്‍ ടീമിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനം അവകാശപ്പെടാനാവില്ല. പക്ഷെ സിഎസ്‌കെ, മുംബൈ, ഡല്‍ഹി താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും.

ഇത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന് പ്രമുഖ ടീമില്‍ നിന്നെല്ലാം വിളിയെത്തിയെങ്കിലും രാജസ്ഥാനില്‍ തുടരാനാണ് സഞ്ജു തീരുമാനിച്ചത്. ഈ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയറിലെ വില്ലന്‍. സിഎസ്‌കെയിലേക്ക് പോകാന്‍ സഞ്ജു തയ്യാറായാല്‍ കരിയറില്‍ വലിയ മാറ്റമുണ്ടായേക്കും. എന്നാല്‍ സഞ്ജു ഇതൊരിക്കലും ചെയ്യില്ല. ബിസിസി ഐ ബലിയാടാക്കുമ്പോഴും സഞ്ജു ഇതിനോടെല്ലാം പൊരുത്തപ്പെട്ട് പോകാനാണ് ശ്രമിക്കുന്നത്.

ആരോടും മത്സരബുദ്ധിയോടെ പെരുമാറാന്‍ സഞ്ജു തയ്യാറാകുന്നില്ല. റിഷഭ് പന്തിന് ഇന്ത്യ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. മോശം ഫോമിലുള്ള താരങ്ങള്‍ക്ക് വീണ്ടും വീണ്ടും അവസരം നല്‍കുമ്പോഴും സഞ്ജു മാത്രം തഴയപ്പെടുകയാണ്. എന്നാല്‍ ഇതുവരെ അവഗണനകളെക്കുറിച്ച് സഞ്ജു ഒരിക്കല്‍ പോലും തുറന്ന് പറഞ്ഞിട്ടില്ല. ഇതിന് മുമ്പ് പല താരങ്ങളും അവഗണകളെക്കുറിച്ചും തഴയപ്പെടലുകളെക്കുറിച്ചും പരസ്യമായിത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ സഞ്ജു ഇതിനെയെല്ലാം ചെറു പുഞ്ചിരിയോടെയാണ് നേരിടുന്നത്. അമ്പാട്ടി റായിഡുവടക്കം പലരും ബിസിസി ഐയുടെ രാഷ്ട്രീയത്തിനെതിരേ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഞ്ജു ഇതിനൊന്നും തയ്യാറായിട്ടില്ല. ലോകകപ്പിലെ തഴയപ്പെടല്‍ കൂടാതെ സിംബാബ് വെ പര്യടനത്തിലും സഞ്ജുവിനെ ഒതുക്കി. ടി20 പരമ്പരയ്ക്കുള്ളില്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും നായകസ്ഥാനം നല്‍കിയിട്ടില്ല.

ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ നായകനാക്കിയത്. ഗില്ലിനെക്കാളും മികച്ച ക്യാപ്റ്റന്‍സി റെക്കോഡ് സഞ്ജുവിനുണ്ട്. നായകനായുള്ള അനുഭവസമ്പത്തും സഞ്ജുവിനാണ് കൂടുതല്‍. എന്നാല്‍ തഴയുന്ന രീതിയാണ് ബിസിസി ഐ നടത്തുന്നത്. സഞ്ജുവിനെ അനുകൂലിക്കാന്‍ ആരും തന്നെയില്ല.

എന്നാല്‍ ഈ പ്രശ്‌നങ്ങളോടെല്ലാം ഒറ്റക്ക് പൊരുതി നിന്ന് ഇപ്പോഴും ബിസിസി ഐ കരാറിലും ഇന്ത്യന്‍ ടീമിലും ഇടം നേടിയെടുക്കാന്‍ സഞ്ജുവിനായി എന്നതാണ് ശ്രദ്ധേയമായ കാര്യം. എല്ലാ പ്രതിസന്ധികളേയും കരുത്തോടെ സഞ്ജു നേരിടുന്നു. അതുകൊണ്ടൊക്കെയാണ് സഞ്ജുവിന് പകരക്കാരനില്ലെന്ന് പറയാനുള്ള കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker