ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീംകോടതി. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് കോടതി ചോദിച്ചു.
കെജ്‌രിവാളിന്റെ അറസ്റ്റിന് രണ്ട് വര്‍ഷം എടുത്തത് നല്ലതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും നിരീക്ഷിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെയും മനിഷ് സിസോദിയയുടെയും അറസ്റ്റില്‍ വ്യക്തത വരുത്തണമെന്നും സുപ്രിംകോടതി പറഞ്ഞു. തുടക്കം മുതലുള്ള കേസ് ഫയല്‍ ഹാജരാക്കാനും ഇഡിക്ക് നിര്‍ദേശമുണ്ട്.
ഇഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ വാദം നീണ്ടാല്‍ ഇടക്കാല ജാമ്യം നല്‍കുമെന്നായിരുന്നു സുപ്രിംകോടതി നേരത്തെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.