കൊച്ചി:മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും അതേസമയം കാരക്ടര്‍ റോളുകളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്ത നടനാണ് ദിലീപ്. കലാഭവനിലൂടെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി രംഗത്ത് സജീവമായിരുന്നു.
സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുന്ന സമയത്ത് തന്നെ ചില സിനിമകളിലും ദിലീപ് അഭിനയിച്ചു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ദിലീപ് ആണ് പിന്നീട് സിനിമാ ജീവിതത്തില്‍ ഒപ്പം കൂടിയത്.
ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങള്‍ നടന് കരിയറില്‍ തന്നെ വലിയ ബ്രേക്ക് നല്‍കിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, കുബേരന്‍, മീശ മാധവന്‍, കുഞ്ഞിക്കൂനന്‍, സിഐഡി മൂസ, ചാന്തുപൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന സിനിമകളാണ്.
കാര്യസ്ഥന്‍ ദിലീപിന്റെ നൂറാമത്തെ സിനിമയാണ്. അതേസമയം ദിലീപിനെതിരെ 2016ല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്ത് സിനിമകളില്‍ നിന്ന് നടന്‍ മാറി നിന്നിരുന്നു. കുറച്ചു വര്‍ഷത്തെ ബ്രേക്കിന് ശേഷം ദിലീപ് പിന്നീട് അഭിനയിച്ച ചിത്രം നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ്.
എന്നാല്‍ തന്റെ ചിത്രങ്ങള്‍ക്ക് നേരത്തെ തൊട്ട് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് പറയുകയാണ് ദിലീപ്. ഇപ്പോള്‍ സിനിമ ഇറങ്ങുമ്പോഴും തനിക്കെതിരെ എന്തിനാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും വായില്‍ തോന്നുന്നത് പറയുന്നതെന്നും ദിലീപ് പറയുന്നു. ഇന്ത്യയില്‍ തന്നെ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല എന്നാണെന്നും ദിലീപ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യാന്‍ തുടങ്ങിയിട്ട് 11 വര്‍ഷത്തോളമായി. മായാ മോഹിനി കഴിഞ്ഞശേഷമാണ് പതുക്കെ പതുക്കെ ഇതിന്റെ നിറം മാറാന്‍ തുടങ്ങുന്നത്. 2012 മുതലൊക്കെ ഈ അറ്റാക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ അത് പലരൂപത്തില്‍ അതിന്റെ തീവ്രത കൂടുക എന്ന് പറയുന്ന അവസ്ഥയിലെത്തി. പാര്‍ട്ട് ഓഫ് ദ ഗെയിം എന്ന് പറയുന്ന പോലെ നമ്മള്‍ നമ്മുടെ വഴിക്ക് പോവുകയാണ്.
നമ്മളെ സ്‌നേഹിക്കുന്ന ആള്‍ക്കാര്‍, കലാകാരന്‍ എന്ന രീതിയില്‍ കാണുന്ന ആളുകളെല്ലാം സിനിമ കാണാന്‍ വരുന്നുണ്ട്. പക്ഷെ അന്ന് വന്ന അറ്റാക്കുകളൊന്നും എന്നെ ബാധിച്ചിട്ടില്ല. ഞാന്‍ ഇതൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല. കാരണം എന്റെ ഓഡിയന്‍സ് അന്നൊന്നും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന ആളുകളല്ല.
അവരെല്ലാം ചാനലുകളിലൂടെ എന്നെ കാണുന്നവരാണ്. ഇപ്പോള്‍ ഈ സിനിമ ഇറങ്ങുന്ന സമയത്തും എന്തിനാണ് വായില്‍ തോന്നുന്നതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് തോന്നും. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന സിനിമ കണ്ടിട്ട് വന്ന കുറച്ച് പോസിറ്റീവ് റിവ്യു കണ്ടു. അത് കണ്ടപ്പോള്‍ ഇവിടെ അതുപോലെ ഒരു മര്യാദ ഇവിടുന്ന് കിട്ടുന്നില്ലല്ലോ എന്ന് തോന്നും.
ഇന്ത്യയില്‍ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല എന്നാണ്. നമ്മളില്‍ ഒരു സത്യമുണ്ട്. അതിന്റെ ഫൈറ്റ് ആണ്. നമ്മള്‍ എങ്ങനെയെങ്കിലും കരയണേ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ടെന്നും ദിലീപ് പറഞ്ഞു.