26.5 C
Kottayam
Tuesday, May 21, 2024

പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം, സിപിഎമ്മിനോട് ആദായ നികുതി വകുപ്പ്

Must read

തൃശൂര്‍: സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ആദായ നികുതി വകുപ്പ്. തൃശൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന തുടരുകയാണ്. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പിടിച്ചെടുത്തത്.

സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത തുക അതേ അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും ഓഫീസ് സെക്രട്ടറി പ്രജീഷും ചേര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ എം.ജി.റോഡിലുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെത്തിയത്.

ഏറെ സമയത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ഷാജനും ബാങ്കിലെത്തി. നേതാക്കള്‍ വന്നതോടെ തൃശൂരിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പണം പിടിച്ചെടുത്തു.

ബാഗിലാക്കി എത്തിച്ച ഒരു കോടി, നേരത്തെ പിന്‍വലിച്ച അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സി.പി.എം ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. അഞ്ച് മണിക്കൂറോളം സമയമെടുത്ത് നടപടിക്രമം പൂര്‍ത്തീകരിച്ച ശേഷമാണ് സി.പി.എം നേതാക്കള്‍ ബാങ്കില്‍ നിന്ന് പുറത്തുവന്നത്. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഒരു കോടി പണമായെത്തിച്ചതും ചട്ട ലംഘനമാണെന്നും ആരോപണമുണ്ട്. ബാങ്ക് ഒഫ് ഇന്ത്യയിലെ ശാഖയില്‍ സി.പി.എമ്മിന് വിവിധ ആവശ്യങ്ങള്‍ക്കായി നാല് അക്കൗണ്ടാണുള്ളത്.

ഇതിലെ ഒരെണ്ണത്തില്‍ നിന്നായിരുന്നു ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പിന്‍വലിച്ചത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനാല്‍ ഈ നാലു അക്കൗണ്ടും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളി ദിനമായതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതായാണ് വിവരം.

ഇടപാട് സംബന്ധിച്ച് ആദായനികുതി വകുപ്പ് സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങിയെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും എം.എം.വര്‍ഗീസ് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയാണിത്. പണം തിരിച്ചടയ്ക്കാന്‍ സമ്മതിച്ചോ എന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്നമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week