ദുബായ് : ശക്തമായ പേമാരി ശമിച്ച് ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്ന യു.എ.ഇയെ ആശങ്കയിലാക്കി വീണ്ടും മഴ മുന്നറിയിപ്പ്. യു.എ.ഇയിൽ വീണ്ടും മഴപെയ്യാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ മഴയ്ക്കുമാണ് സാദ്ധ്യത. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതേസമയം പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മഴയെ നേരിടാൻ സർവ്വസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
ഒമാനിലും അടുത്ത ആഴ്ച മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഏപ്രിൽ 23 മുതൽ 25 വരെയാണ് മഴ പെയ്യാൻ സാദ്ധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യു.എ.ഇയിൽ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ നാലുപേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം അവസാനിച്ചെന്നും ദുരിത ബാധിത മേഖലകളെ സാധാരണനിലയിലേക്ക് എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രളയക്കെടുതികളോട് അടിയന്തരമായി പ്രതികരിക്കാനും ദുരിതബാധിതർക്ക് പിന്തുണ നൽകാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.