തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളേയും സുഹൃത്തിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച നവീന്റെ കാറിൽ നിന്ന് പോലീസിന് പ്രത്യേക തരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെത്തി. ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയ ഇ – മെയിലിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.
ഡോൺ ബോസ്കോ എന്ന വിലാസത്തിൽ നിന്ന് ആര്യയ്ക്ക് വന്ന മെയിലിൽ ആണ് ഈ കല്ലുകളെക്കുറിച്ച് പറയുന്നതത്. ഈ ഇ മെയിൽ ഐഡിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡോൺ ബോസ്കോ എന്ന പേരിൽ ആര്യയ്ക്ക സന്ദേശം അയച്ചത് നവീൻ തന്നെയാണോ എന്നും സംശയമുണ്ട്. യാത്രാ ചെലവിന് പണം ആവശ്യം വന്നപ്പോൾ ആര്യയുടെ ആഭരണങ്ങൾ വിറ്റതായും പോലീസിന് വിവരം ലഭിച്ചു. ആര്യയുടെ മൃതദേഹത്തിന് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല.
മരിച്ച നവീനും ഭാര്യ ദേവിക്കും സുഹൃത്ത് ആര്യയ്ക്കും വിചിത്ര വിശ്വാസങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നാണ് അവരിൽ നിന്ന് കണ്ടെത്തിയ രേഖകളിൽ ഉള്ളത്. അവയെ മറ്റ് ഗ്രഹങ്ങലിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരേയും മൃഗങ്ങളേയും രണ്ട് ഗ്രഹങ്ങളിലേക്ക് കാെണ്ടുപോകുമെന്നാണ് ഇവരുടെ വിശ്വാസം. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നുള്ള മിതി എന്ന സാങ്കല്പിക കഥാപാത്രവുമായാണ് സംഭാഷണം.
വിചിത്ര വിശ്വാസങ്ങൾ അടങ്ങിയ 466 പേജുകളുടെ പകർപ്പാണ് പുറത്തുവന്നത്. ഏപ്രിൽ രണ്ടിനാണ് അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധവിശ്വാസവും ആഭിചാര ക്രിയയും പിന്തുടർന്നാണ് ഇവർ മരണത്തിലേക്ക് എത്തിയതെന്ന സംശയം തുടക്കം മുതൽക്ക് തന്നെ ഉണ്ടായിരുന്നു.
ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാര ക്രിയയുടെ ഭാഗമായാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മുറിയിൽ ആഭിചാരക്രിയ നടത്തുമ്പോൾ അണിഞ്ഞ ആഭരണങ്ങൾ ആകാമെന്നാണ് പോലീസ് കരുതുന്നത്. ശരീരത്തിൽ മുറിവ് ഉണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ റേസർ ബ്ലേഡുകളും കണ്ടെത്തിയിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്.