ഏറ്റുമാനൂർ: വാറണ്ട് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ വീട്ടിൽ നിധിൻ സി.ബാബു (39) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ക്രിമിനല്‍ കേസിൽ പ്രതിയായി കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ എത്തിയ പോലീസിന് നേരെ ഇയാൾ തന്റെ വളർത്തു നായ്ക്കളെ അഴിച്ചുവിടുകയും കയ്യില്‍ കരുതിയിരുന്ന കത്തി കാണിച്ചു ഭീഷണിപെടുത്തുകയുമായിരുന്നു.
തുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നുകളയാതിരിക്കാൻ പോലീസ് രാത്രിയിലും ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പോലീസ് സംഘം ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.