തിരുവനന്തപുരം: സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുവതി റിമാന്‍ഡില്‍. തിരുവനന്തപുരം മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
രണ്ടാഴ്ച മുന്‍പ് സമാനമായ കേസില്‍ കോഴിക്കോട് തിരുവമ്പാടി പോലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. മാനന്തവാടി ജയിലിലായിരുന്ന പ്രതിയെ ഇവിടെനിന്നാണ് വഞ്ചിയൂര്‍ കോടതിയിലെത്തിച്ച് ഹാജരാക്കിയത്. തുടര്‍ന്ന് യുവതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു.
സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിലൂടെ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പ്രിയങ്ക ആളുകളെ കബളിപ്പിച്ചിരുന്നത്. കടവന്ത്രയില്‍ ‘ട്രേഡ് കൂപ്പേഴ്സ്’ എന്ന പേരില്‍ സ്ഥാപനമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിനകത്തും പുറത്തുമായി നിരവധിപേരാണ് യുവതിയുടെ കെണിയില്‍വീണത്. ഇവരില്‍നിന്ന് കോടികള്‍ കൈക്കലാക്കിയ യുവതി ആഡംബരജീവിതം നയിച്ചുവരികയായിരുന്നു.
പണം നിക്ഷേപിച്ചാല്‍ 21 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പരസ്യംനല്‍കിയാണ് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. പ്രിയങ്കയുടെ അമ്മ തങ്കമണി, സഹോദരന് രാജീവ് എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
പ്രിയങ്ക അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് യുവതിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നത്. വരുംദിവസങ്ങളില്‍ മറ്റുസ്റ്റേഷനുകളിലെ എഫ്.ഐ.ആറുകളിലും യുവതിക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് വിവരം.