തിരുവനന്തപുരം: ബിജെപി ചേരുമെന്ന് പ്രഖ്യാപിച്ച പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്നും രാഹുല്‍ പറഞ്ഞു.
‘‘പത്മജ വേണുഗോപാൽ പാർട്ടി വിട്ടത് ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ വളരെയധികം വേദനിപ്പിക്കുന്നതാണ്. പണ്ട് ഒരിക്കൽ കരുണാകരൻ കോൺഗ്രസ് വിടുന്നതിനെപറ്റി ആലോചിച്ചപ്പോൾ അന്ന് പത്മജ പറഞ്ഞത്, എന്റെ അച്ഛനാണ് കോൺഗ്രസ് ഉണ്ടാക്കിയത് ഞാൻ തന്തയ്ക്ക് പിറന്ന മകളാണെന്നാണ്. ഇന്നു പത്മജയെ കേരളീയ പൊതുസമൂഹം വിശേഷിപ്പിക്കേണ്ടത് തന്തയ്ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ എന്നാണ് ചോദിക്കാനുള്ളത്.
കരുണാകരന്റെ മതേത്വര പാരമ്പര്യത്തെ ചാണക്കുഴിയിൽ കൊണ്ടുവന്നു തള്ളാൻ അദ്ദേഹം എന്തു പാതകമാണ് പത്മജയോട് ചെയ്തത്. ഇനി കരുണാകരന്റെ മോൾ എന്നു പറഞ്ഞു നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ’’– രാഹുൽ പറഞ്ഞു.
പരിഗണന നൽകാത്തതുകൊണ്ടാണ് പത്മജ കോൺഗ്രസ് വിടുന്നതെന്ന് വാദത്തെ രാഹുൽ പരിഹസിച്ചു. ‘‘ശരിയാണ്, പത്മജയെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കാൻ സാധിച്ചില്ല. പത്മജയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാമായിരുന്നു. മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ. 1989 മുതൽ 2004 വരെ കോൺഗ്രസ് ജയിച്ചിരുന്ന മണ്ഡലം, ഒരു കുറ്റിച്ചൂലിനെ നിർത്തിയാൽ പോലും കോൺഗ്രസ് ജയിക്കുന്ന കാലഘട്ടത്തിൽ പത്മജ ജയിച്ചില്ലെന്ന് പറയുമ്പോൾ ജനം കുറ്റിച്ചൂലിനെ കഴിഞ്ഞും താഴെയാണ് അവരെ കാണുന്നത്.
പത്മജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയില്ല. ആക്കാമായിരുന്നു, നിയമസഭയിൽ ജയിച്ചിരുന്നെങ്കിൽ. 1991 മുതൽ 2011 വരെ തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎയായിരുന്ന മണ്ഡലമാണ് കൊടുത്തത്. 2016ലും 2021ലും തോറ്റു. ഇനി എന്ത് പരിഗണനയാണ് കൊടുക്കേണ്ടത്. അവർ കെപിസിസി നിർവ്വാഹക സമിതിയംഗമായി, കെപിസിസി ജനറൽ സെക്രട്ടറിയായി. രണ്ടാഴ്ച മുൻപ് രാഷ്ട്രീയകാര്യ സമതിയിലും അംഗമായി. പരിഗണന കിട്ടിയില്ലെങ്കിൽ എന്തുകൊണ്ടാണ് അവർ സിപിഎമ്മിൽ പോകാതിരുന്നത്. അപ്പോൾ മറ്റു സ്ഥലങ്ങളിൽ എന്തിനാണോ ആളുകൾ ബിജെപിയിൽ ചേരുന്നത് അതു തന്നെയാണ് ഇതും.’’– രാഹുൽ കൂട്ടിച്ചേർത്തു.