കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബവും സംയുക്ത സമരസമിതി അംഗങ്ങളും ജില്ലാ കളക്ടറുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയം. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാനുള്ള എക്സ്ട്രീം സാഹചര്യം ഇല്ലെന്ന് കലക്ടർ അറിയിച്ചതായി ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ പറഞ്ഞു.
ചർച്ച പരാജയമായതോടെ സംയുക്ത സമരസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കളക്ടറേറ്റിനുമുന്നിലെ റോഡ് ഉപരോധിച്ചു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റുചെയ്തു നീക്കുകയാണ്. ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. അതേസമയം, തുടർചർച്ചയ്ക്കു തയ്യാറാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതിഷേധക്കാരെ അറിയിച്ചു.
അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഒരാൾക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നുമുള്ള നിലപാടിലാണ് കുടുംബം. അല്ലാത്തപക്ഷം ഇന്‍ക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
നേരത്തെയും അബ്രഹാമിന്റെ ബന്ധുക്കൾ ജില്ലാ കളക്ടറുമായി ചർച്ച നടത്തിയിരുന്നു. അബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ രാഘവൻ എം.പി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. 10 ലക്ഷം ഇപ്പോള്‍ നൽകാമെന്ന് കലക്ടർ അറിയിച്ചെങ്കിലും ബന്ധുക്കൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം നടത്താൻ അനുവദിക്കില്ലെന്നും അവർ നിലപാടെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരംതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പോലീസ് കഴിഞ്ഞ ദിവസംതന്നെ എത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടക്കാതെപോയത്. ബുധനാഴ്ച രാവിലേയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് എത്തിയെങ്കിലും അപ്പോഴും തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമാവാതെ സഹകരിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.