28.4 C
Kottayam
Wednesday, May 15, 2024

കോതമംഗലം സംഘര്‍ഷം:മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം, ഡിസിസി പ്രസിഡന്റിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമം

Must read

കൊച്ചി: കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇവര്‍ക്കെതിരെ ചുമത്തിയ രണ്ട് കേസിലും ജാമ്യം അനുവദിച്ചു. ഒപ്പം അറസ്റ്റിലായ 14 പേര്‍ക്കും ജാമ്യം നൽകി. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമർപ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത്..

പിന്നാലെ ജാമ്യം ലഭിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിന് നീക്കം നടന്നത്. ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വിഷയം മജിസ്ട്രേറ്റിനെ ശ്രദ്ധയിൽ എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടനേയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ യുണ്ടായ സംഘർഷത്തിലും മുഹമ്മദ് ഷിയാസ് പ്രതിയായിരുന്നു.

പൊതുമുതൽ നശിപ്പിച്ചതിനാവശ്യമായ തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം പരിധി വിട്ടെന്ന് വ്യക്തമാണ്. എന്നാൽ അത് ജാമ്യം നിഷേധിക്കാനോ, കസ്റ്റഡിക്കോ പര്യാപ്തമല്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കില്ലെന്നും കോടതി പറഞ്ഞു. കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും വൈരുധ്യമുണ്ടെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. എന്നാൽ കോതമംഗലത്ത് പ്രതിഷേധം നടത്തിയത് മനപ്പൂർവമാണെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. പ്രതികൾ നടത്തിയ അക്രമസംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ തയ്യാറാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സംഭവത്തിൽ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം. നഴ്സിങ് സൂപ്രണ്ടിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.

കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴൽനാടൻ എംഎൽ എഉൾപ്പടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തത്.

ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേർന്ന് പൊലീസിനെ തടയുകയും പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കു തർക്കമുണ്ടാവുകയുമായിരുന്നു.

പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മർദ്ദിച്ചെന്നാണ് എഫ്ഐആർ. ഡീൻ കുര്യക്കോസ്, മാത്യു കുഴൽനാടൻ, മുഹമ്മദ്‌ ഷിയാസ്, എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പ്രധാന പ്രതികൾ. പൊലീസിനെ മർദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിർവഹണം തടപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week