അടൂർ∙ കാട്ടുപന്നിയെ കണ്ട് ഭയന്നോടുമ്പോൾ കിണറ്റിൽ വീണ വീട്ടമ്മയെ 20 മണിക്കൂറിനുശേഷം കണ്ടെത്തി രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂർ വയലാ പരുത്തിപ്പാറയിലാണ് സംഭവം. തുവയൂർ സ്വദേശി പ്ലാവിളയിൽ എലസിബത്ത് ബാബു (58) ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടാണ് കാട്ടുപന്നിയെ കണ്ട് ഭയന്നോടുമ്പോൾ എലിസബത്ത് കിണറ്റിൽ വീണത്.
വൈകിട്ട് നാലു മണിയോടെ പറമ്പിലേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കിണറ്റിൽ വീണു. മറയില്ലാത്ത കിണർ പലകയിട്ട് മൂടിയിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലകയിൽ ചവിട്ടിയപ്പോൾ ഒടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു.
എലിസബത്തിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. പൊലീസിലും വിവരം അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം സമീപത്തെ കിണറുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് എലിസബത്തിനെ കണ്ടെത്തിയത്. തുടർന്ന് അടൂരിൽനിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി എലിസബത്തിനെ പുറത്തെത്തിച്ചു.
എലിസബത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ദിവസം കിണറ്റിൽ കിടന്നെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണു വിവരം. ഇന്നലെ വൈകിട്ടു മുതൽ കഴുത്തൊപ്പം വെള്ളത്തിലാണ് എലിസബത്ത് നിന്നത്. രാത്രിയിലും ഇന്ന് ഉച്ചവരെയും വെള്ളത്തിൽത്തന്നെ കഴിച്ചുകൂട്ടി. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ എലിസബത്തിനെ കണ്ടെത്തിയത്.