തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വെള്ളാർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത് ചരിത്ര വിജയം. സിപിഐയിലെ പനത്തുറ പി ബൈജുവാണ് വിജയിച്ചത്. ബിജെപി കൗൺസിലർ ആയിരുന്ന നെടുമം മോഹനൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ മൂന്ന് വട്ടമായി ബിജെപി തുടർച്ചയായി വിജയിച്ച വാർഡാണ് വെള്ളാർ. അവിടെയാണ് എൽഡിഎഫ് ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയത്.
എൽഡിഎഫ് സ്ഥാനാർഥി പനത്തുറ പി ബൈജു 151 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി വെള്ളാർ സന്തോഷിനെ പരാജയപ്പെടുത്തി. എൽഡിഎഫ് 1845, ബിജെപി 1694, യുഡിഎഫ് 544 വോട്ടുകൾ വീതമാണ് നേടിയത്. ആകെയുള്ള അഞ്ച് ബൂത്തുകളിൽ മൂന്നിടതും എൽഡിഎഫ് ലീഡ് നേടി. ഒന്ന്, രണ്ട്, അഞ്ച് ബൂത്തുകളിൽ എൽഡിഎഫും മൂന്ന്, നാല് ബൂത്തുകളിൽ ബിജെപിയും ലീഡ് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി എല്ലാ ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രാമക്ഷേത്രം അടക്കം പ്രചരണായുധമാക്കിയ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് വെള്ളാറിലെ ഫലമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ വിജയത്തിന് ശേഷം പ്രതികരിക്കുന്നത്. ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കൾ അടക്കം ക്യാമ്പ് ചെയ്തായിരുന്നു ബിജെപിയുടെ ഇലക്ഷൻ പ്രവർത്തനം.
ഒന്നാം ബൂത്തായ പനത്തുറയിൽ എൽഡിഎഫ് സ്ഥാനാർഥി 522 വോട്ടുകൾ നേടിയപ്പോൾ ബിജെപി 266 വോട്ടും യുഡിഎഫ് 137 വോട്ടുമാണ് നേടിയത്. രണ്ടാം ബൂത്തായ വാഴമുട്ടത്ത് എൽഡിഎഫ് 431 വോട്ടും ബിജെപി 262 വോട്ടും യുഡിഎഫ് 133 വോട്ടുമാണ് നേടിയത്. മൂന്നാം ബൂത്തായ വെള്ളാറിൽ എൽഡിഎഫ് 256 വോട്ടും ബിജെപി 488 വോട്ടും യുഡിഎഫ് 70 വോട്ടും നേടി. നാലാം ബൂത്തായ കണ്ണങ്കോട് എൽഡിഎഫ് 268 വോട്ടും ബിജെപി 350 വോട്ടും യുഡിഎഫ് 101 വോട്ടുമാണ് നേടിയത്. അഞ്ചാം ബൂത്തായ നെടുമത്ത് എൽഡിഎഫ് 368 വോട്ടും ബിജെപി 328 വോട്ടും യുഡിഎഫ് 103 വോട്ടുമാണ് നേടിയത്.
2005 ലെ തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ഇതിന് മുൻപ് വാർഡിൽ വിജയിച്ചത്. സിപിഐ യിലെ തന്നെ ജി എസ് ബിന്ദുവാണ് അന്ന് വാർഡിൽ നിന്നും വിജയിച്ചത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ നെടുമം മോഹനൻ, സിമി ജ്യോതിഷ് എന്നിവർ വിജയിച്ചു. അവസാനമായി 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നെടുമം മോഹനൻ എൽഡിഎഫിന്‍റെ പനത്തുറ പി ബൈജുവിനെ 567 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.