കൊച്ചി:അന്തരിച്ച നടൻ തിലകൻ ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. നാടകത്തിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന തിലകൻ അഭിനയ മികവ് കൊണ്ട് ഏവരുടെയും പ്രശംസ നേടി. പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച തിലകൻ കരിയറിൽ തിളങ്ങുമ്പോഴും സിനിമാ ലോകത്ത് വിവാദങ്ങളിൽ അകപ്പെട്ടു.
സെറ്റുകളിൽ പ്രശ്നക്കാരനായിരുന്നെന്നും ഷൂട്ടിംഗ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും സഹപ്രവർത്തകർ തുറന്ന് പറഞ്ഞിട്ടുണ്ട്. തിലകനുമായുള്ള സൗഹൃദത്തെക്കുറിച്ച് നടി കവിയൂർ പൊന്നമ്മ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഭാര്യയും ഭർത്താവുമായി നിരവധി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. അക്കാലത്തെ അനുഭവങ്ങളാണ് സഫാരി ടിവിയിൽ കവിയൂർ പൊന്നമ്മ പങ്കുവെച്ചത്. ‘എന്റെ കൂടെ ഏറ്റവും കൂടുതൽ ഭർത്താവായി അഭിനയിച്ചത് തിലകൻ ചേട്ടനാണ്.
കാട്ടുകുതിര എന്ന സിനിമയിൽ ഭാഷ ശൈലി വേറെയാണ്. എനിക്കത് പറയാനും ഇത്തിരി ബുദ്ധിമുട്ടായിരുന്നു. പുള്ളിയുടെ ഭാര്യയായി ചേരുന്നില്ല എനിക്കൊരു തോന്നൽ. പുള്ള കറുത്തും ഞാൻ വെളുത്തുമിരിക്കുന്നു. വിശ്വംഭരനോട് എന്തിനാണ് എന്നെ വിളിച്ചത്, മാച്ച് അല്ലെന്ന് പറഞ്ഞു’
‘നിങ്ങൾ ഈ ഭാഷയങ്ങോട്ട് പറഞ്ഞ് അഭിനയിക്കൂ എന്ന് വിശ്വംഭരൻ. അഭിനയിക്കാം, എന്റെ ജോലിയല്ലേയെന്ന് തമാശ പറഞ്ഞു. അങ്ങനെ അഭിനയിച്ച സിനിമയാണ് കാട്ടുകുതിര. തിലകൻ ചേട്ടൻ ആ ശൈലിയിൽ കൃത്യമായിരുന്നു. എന്റേത് അത്ര ശരിയായില്ല എന്നാണ് എന്റെ വിശ്വാസം. ഒത്തിരി വർഷങ്ങൾക്ക് മുമ്പ് തിലകൻ ചേട്ടൻ എന്റെ മകനായി അഭിനയിച്ചിട്ടുണ്ട്’
‘ഞങ്ങൾ തമ്മിൽ ചെറിയ ഉടക്കുണ്ടായി. നിസാര കാര്യങ്ങൾ പറഞ്ഞായിരിക്കും തുടങ്ങുക. ആൾക്ക് ഭയങ്കര മുൻശുണ്ഠി ആണല്ലോ. വയസിന്റെ കാര്യം പറഞ്ഞായിരുന്നു ഉടക്ക്. എന്റെയടുത്ത് തല്ലുണ്ടാക്കണമെന്ന് മൂഡായിരുന്നു. ഇത് കഴിഞ്ഞാണ് കിരീടത്തിന്റെ സെറ്റിലെത്തുന്നത്. ലാൽ അവിടെ ഇഡ്ഡലി കുഴച്ച് വാരിത്തിന്നുകയാണ്. ഞാൻ ചെന്നപ്പോൾ എനിക്കും ഇത്തിരി വായിൽ വെച്ച് തന്നു. ഇദ്ദേഹം അവിടെ നിന്ന് ഒളിഞ്ഞ് നോക്കി ഒരു കള്ളച്ചിരി. ഞാൻ മൈൻഡ് ചെയ്തില്ല’
‘കുറച്ച് കഴിഞ്ഞപ്പോൾ കൈ നീട്ടിക്കൊണ്ട് അടുത്ത് വന്നു. കൈയ്ക്ക് ഒറ്റയടി ഞാൻ കൊടുത്തു. പിന്നെയങ്ങോട്ട് ഭയങ്കര ഇഷ്ടമായി. പുള്ളി അഭിനയിച്ചാലേ എനിക്ക് ശരിയാവൂ, ഞാൻ അഭിനയിച്ചാലേ പുള്ളിക്ക് ശരിയാവൂ എന്ന രീതിയായി. തിലകൻ ചേട്ടൻ ആരോഗ്യം കുറച്ച് കൂടി സൂക്ഷിച്ചിരുന്നെങ്കിൽ ജീവിച്ചിരുന്നേനെ. ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ പറഞ്ഞത് പത്ത് മാസമാണ്. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാമത്തെ മാസമാണ് സന്താനഗോപാലം എന്ന പടത്തിൽ അഭിനയിക്കുന്നത്’
ഫ്ലാസ്കിൽ കൊണ്ട് വന്നപ്പോൾ എനിക്ക് മനസിലായില്ല. സ്റ്റീൽ ടെംബ്ലറിലെടുത്ത് ഒറ്റയടിക്ക് കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ മറ്റേ സാധനമാണെന്ന് മനസിലായി. ചോദിച്ചപ്പോൾ രണ്ട് മണിക്കൂർ കൂടുമ്പോൾ ശകലം കഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് തിലകൻ ചേട്ടൻ. വേഗം പോകാനുള്ള പരിപാടി ആയിരിക്കുമെന്ന് ഞാൻ. അങ്ങനയൊന്നും പോകില്ലെടോ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെയങ്ങോട്ട് എല്ലാ സെറ്റിലും മൂക്കുമുട്ടെ കുടിയായി,’ കവിയൂർ പൊന്നമ്മ ഓർത്തു.