കൊല്‍ക്കത്ത: ബംഗാളില്‍ രാഹുല്‍ ഗാന്ധിയുടെ കാര്‍ ആക്രമിക്കപ്പെട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലെ മാല്‍ഡയിലെത്തിയപ്പോഴാണ് കാര്‍ ആക്രമിക്കപ്പെട്ടതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. കല്ലേറില്‍ രാഹുലിന്റെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. രാഹുല്‍ ഗാന്ധി സുരക്ഷിതനാണ്.
അതേസമയം, ആരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയില്ല. ‘ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ’ എന്നാണ് ആരുടേയും പേര് പരാമര്‍ശിക്കാതെ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. യാത്ര ബംഗാളിലെത്തിയതുമുതല്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി തടസങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാറിന്റെ ചില്ല് തകര്‍ത്തതുകൊണ്ട് യാത്ര തടസപ്പെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇന്ത്യ മുന്നണിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും മുന്നണി ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുമ്പ് പറഞ്ഞത് ബംഗാള്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാകുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ മമതാ ബാനര്‍ജി തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് മാല്‍ഡയില്‍ ഉള്‍പ്പെടെ ഗസ്റ്റ് ഹൗസ് ഉപയോഗിക്കാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കൂടാതെ, സിലിഗുരിയില്‍ പൊതുയോഗം നടത്താനും റാലികള്‍ നടത്താനും സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുമതി നിഷേധിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും കഴിഞ്ഞയാഴ്ച നശിപ്പിക്കപ്പെട്ടിരുന്നു.