കണ്ണൂര്‍: ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുൻ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ധനേഷ് മൊത്തങ്ങളെ പൂര്‍ണ മനസോടെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു. സിപിഎം ശരിയുടെ പക്ഷത്താണെന്ന് മനസിലാക്കിയാണ് ധനേഷ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് ചേരുന്നത്.
മതവും വിശ്വാസവും ദുരുപയോഗം ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിശ്വാസവും മതവും വ്യക്തിപരമാണ്. സിപിഎം അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് ജയരാജൻ പറഞ്ഞു. ധനേഷ് മൊത്തങ്ങയെ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതിന്‍റെ ചിത്രം എം വി ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും എം വി ജയരാജൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് കോബി എന്ന് വിശേഷിപ്പിക്കുന്നത്.
ഗാന്ധിഘാതകരും ഗാന്ധിശിഷ്യരും തമ്മിലുള്ള കൂട്ടുകെട്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഇത് കാണാം. ചിലയിടങ്ങളിൽ വടകര – ബേപ്പൂർ മോഡൽ കോലീബി കൂട്ടുകെട്ടുമുണ്ട്. കോലീബി കൂട്ടുകെട്ടിനോട് ലീഗണികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ച് തുടങ്ങി.
അതുകൊണ്ടിപ്പോൾ കോബി ആണ്. പാറശ്ശാലയിലെ കുളത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് കോബി കൂട്ടുകെട്ട് വീണ്ടും പ്രത്യക്ഷപ്പെട്ടത്. മറ്റിടങ്ങളിലെ കോബിയിൽ നിന്ന് വ്യത്യസ്തമായി കുളത്തൂരിൽ കോൺഗ്രസുകാരനെ തോൽപിക്കാനാണ് കോബി കൂട്ടുകെട്ടുണ്ടാക്കിയത്. ഇടതുപക്ഷ വിരോധം മൂലം ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്ന കോൺഗ്രസിപ്പോൾ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിയുമായി നിക്കാഹ് നടത്തുകയാണെന്നും ജയരാജൻ പറഞ്ഞു.