കൊച്ചി:ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷമാണ് കനി കുസൃതി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന കനി മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. കനി കുസൃതിയുടെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ജീവിതത്തെക്കുറിച്ച് തുറന്ന് കാഴ്ചപ്പാടുള്ള കനി തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ചെല്ലാം തുറന്ന് സംസാരിച്ചിട്ടുണ്ട്. പങ്കാളി മറ്റൊരു ബന്ധത്തിലേക്ക് കടന്നതിനെക്കുറിച്ച് അടുത്തിടെയാണ് കനി സംസാരിച്ചത്.
ആക്ടിവിസ്റ്റായ മൈത്രേയന്റെയും ഡോ. ജയശ്രീയുടെയും മകളാണ് കനി കുസൃതി. അച്ഛനും അമ്മയും തനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി വളർത്തിയതിനെക്കുറിച്ച് കനി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കുമടുത്താണ് തനിക്കേറ്റവും സ്വാതന്ത്ര്യം തോന്നിയിട്ടുള്ളതെന്നാണ് കനി പറയുന്നു. ഇപ്പോഴിതാ അമ്മ ജയശ്രീയെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. അമ്മയെ ജയശ്രീ എന്നാണ് കനി വിളിക്കുന്നത്. അമ്മ എത്ര അടിപൊളിയായ സ്ത്രീയാണെന്ന് കുറച്ച് കഴിഞ്ഞാണ് തനിക്ക് മനസിലായതെന്ന് കനി പറയുന്നത്.
ഒരു കാര്യമില്ലാത്ത കാര്യങ്ങളിൽ പേടി വരുമായിരുന്നു. ചിലപ്പോൾ ഗർഭിണിയാണെന്ന് തോന്നും. അതിന് നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അമ്മ ചോദിക്കും. ഒരു ബന്ധവുമില്ല. അമ്മ അതൊക്കെ ലെെറ്റായി എടുക്കുന്ന ആളായിരുന്നു. ഒരിക്കൽ ആൾക്ക് തൈറോയ്ഡിന്റെയും യൂട്രസിന്റെയും ഓപ്പറേഷൻ കഴിഞ്ഞു. വീട്ടിൽ മിണ്ടാൻ പോലും കഴിയാതെ കിടക്കുമ്പോൾ ഗർഭിണിയാണെന്ന് തോന്നുന്നെന്ന് ഞാൻ പറഞ്ഞു. പിരീയഡ്സ് അര മണിക്കൂർ ലേറ്റ് ആയാൽ എനിക്ക് വെറുതെ ആശങ്ക തോന്നും.
നിനക്ക് ബോയ്ഫ്രണ്ടോ ബന്ധമോ ഉണ്ടെന്ന് അമ്മ ചോദിച്ചു. അപ്പോൾ ഇല്ല, കഴിഞ്ഞ വർഷം ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ പറഞ്ഞെന്നും കനി കുസൃതി വ്യക്തമാക്കി. കുടുംബം എന്നത് ഒരു ഫീലിംഗാണ്. അതെനിക്ക് ഇഷ്ടമാണ്. ജനിച്ചത് കൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്ന് ഞാൻ കരുതുന്നു. നമ്മൾ വളർന്ന് വലുതാകുമ്പോൾ നമ്മളൊരു ഫാമിലിയെ കണ്ടുപിടിക്കും.
ചിലപ്പോൾ കൂട്ടുകാരായിരിക്കും. ചിലപ്പോൾ ബ്രേക്കപ്പ് ചെയ്ത പഴയ ബോയ്ഫ്രണ്ട് ആയിരിക്കാം. ചിലപ്പോൾ അച്ഛനോ ചിറ്റപ്പനോ ആയിരിക്കാം. ആ ആൾക്കാർ ചേരുന്നതാണ് കുടുംബമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് വേണ്ടി നമ്മളും നമ്മൾക്ക് വേണ്ടി അവരും ഉണ്ടാകുന്ന ഇടമാണതെന്നും കനി വ്യക്തമാക്കി.
കുട്ടിക്കാലത്ത് അമ്മയേക്കാൾ അടുപ്പം തോന്നിയിരുന്നത് അച്ഛൻ മൈത്രേയനോടാണെന്നും കനി വ്യക്തമാക്കി. പെൺകുട്ടികൾ ഒരു പ്രായത്തിന് ശേഷമാണ് അവരുടെ അമ്മമാരെ അടുത്തറിയുന്നതെന്നും കനി കുസൃതി ചൂണ്ടിക്കാട്ടി. മൈത്രേയനാണ് കുട്ടിക്കാലത്ത് തന്നെ നോക്കിയിരുന്നത്. ജയശ്രീ ചേച്ചി ജോലിക്ക് പോകും. മൈത്രേയനെ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ പോലും പറ്റില്ലായിരുന്നു.
ജയശ്രീ ചേച്ചിയെ കാണാതിരുന്നാൽ അത്രയും കുഴപ്പമില്ലായിരുന്നെന്നും കനി ഓർത്തു. കോളേജിൽ പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന ആൺകുട്ടികൾ യാഥാസ്ഥിതികരായിരുന്നു. അവരെയൊന്നും തനിക്ക് ഇഷ്ടമില്ലായിരുന്നു. വീടായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമെന്നും കനി കുസൃതി വ്യക്തമാക്കി. വിവിധ ഭാഷകളിലായി അഭിനയ രംഗ്ത് കനിയിന്ന് സജീവമാണ്.