കാണാന്‍ സുന്ദരി സാരിയില്‍, പക്ഷെ ഇഷ്ട വസ്ത്രം അതല്ല: അശ്ലീലതയെ നിയമപരമായി നേരിടുമെന്നും ഹണി റോസ്
കൊച്ചി:ചലച്ചിത്ര അഭിനയ രംഗത്ത് 18 വർഷങ്ങള്‍ പൂർത്തിയാക്കിയ താരമാണ് മലയാളികളുടെ സ്വന്തം ഹണി റോസ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമൊക്കെ താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. അഭിനയത്തോടൊപ്പം തന്നെ പൊതുപരിപാടികളിലും സജീവ സാന്നിധ്യമാണ് ഹണി റോസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നതാകട്ടെ താരത്തിന്റെ പുത്തന്‍ ലുക്കും.
ബ്രൗൺ നിറത്തിലുള്ള വെട്ടിയൊതുക്കിയ മുടിയിലുള്ള പുതിയ ഗെറ്റപ്പ് കണ്ട് ഇതാര്, ഡാൻസ് മാസ്റ്റർ വിക്രമോ? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും സജീവമാണ്. എന്നാല്‍ ഇത്തരണം മേക്കോവറുകള്‍ നമ്മള്‍ എപ്പോഴും നടത്തണമെന്നാണ് ഹണി റോസ് പറയുന്നത്. ഒരു ജീവിതമല്ലേയുള്ളൂ, അതിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ പറ്റണമെന്നും താരം വ്യക്തമാക്കുന്നു.
ഉദ്ഘാടനങ്ങള്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണെന്നും ഹണി റോസ് അഭിമുഖത്തില്‍ പറയുന്നു. ഉദ്ഘാടനങ്ങൾ കിട്ടിയതോടെ എന്നും ആളുകൾ നമ്മളെ കാണാൻ തുടങ്ങി. ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്ക് മടുക്കും. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അങ്ങനേയുള്ള പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഇനി എന്തായാലും കുറച്ചുകാലം ഈ ലുക്കില്‍ തുടരാം
പുതിയ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍ വരുന്നുണ്ട്. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍. അതെല്ലാം ഞാന്‍ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട്. എന്ത് നല്ല ക്രിയാത്മകമായിട്ടാണ് അവർ ട്രോള്‍ ചെയ്യുന്നത്. ട്രോള്‍ കണ്ടപ്പോഴാണ് അതൊക്കെ ശരിയാണല്ലോ എന്ന് എനിക്കും തോന്നിയത്. രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ ഞാന്‍ ആസ്വദിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.
എന്നാല്‍ പലപ്പോഴും ഈ ട്രോളുകള്‍ പരിധി കടക്കാറുമുണ്ട്. ബോഡിഷെയിമിങ്ങെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ എന്നെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യരുതെന്ന് നമ്മള്‍ പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചെയ്യുന്നവർ കൂടി അതേക്കുറിച്ച് ഓർക്കണം. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല. ബോഡിഷെയിമിങ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.
എന്റെ ചിത്രങ്ങളോ വിഡിയോകളോ കാണുമ്പോൾ അതിൽ അശ്ലീല കമന്റ് ഇടുന്നവരുണ്ട്. ആ കമന്റിന് താഴെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. അതൊക്കെ ഒഴിവാക്കി കളയാറാണ് പതിവ്. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും കമന്റ് ഇടുന്നത്. അവരുടെയൊക്കെ അശ്ലീല കമന്റുകൾക്ക് മറുപടി പറയാൻ പോയാൽ അതിനു മാത്രമേ സമയമുണ്ടാകു. എല്ലാ പരിധികളും കടക്കുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.
സാരിയിലാണ് എന്നെ കാണാൻ ഭംഗിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. സാരി ഇഷ്ടമാണെങ്കിലും അത്ര കംഫർട്ട് അല്ല. പുറത്തൊക്കെ പോകുമ്പോള്‍ സാരി മാനേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗൗൺ ധരിക്കുമ്പോഴാണ് എനിക്ക് കംഫർട്ട് കിട്ടുന്നത്. ഏറ്റവും ഇഷ്ടമുള്ള വസ്ത്രവും അതുതന്നെ. സ്റ്റൈലിഷ് വെസ്റ്റേൺ വസ്ത്രങ്ങളൊക്കെ ട്രൈ ചെയ്യണമെന്നാഗ്രഹമുണ്ടെങ്കിലും അതിന് ഇവിടെ ഓപ്ഷനുകള്‍ കുറവാണെന്നും ഹണി റോസ് കൂട്ടിച്ചേർക്കുന്നു.