മുംബൈ: ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആനിമേറ്റഡ് സ്റ്റിക്കേഴ്‌സ്, വാട്‌സ്ആപ് വെബിനുള്ള ഡാര്‍ക്ക് മോഡ്, ക്യു ആര്‍ കോഡിലൂടെ കോണ്‍ടാക്ട് ആഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഗ്രൂപ്പ് വീഡിയോകോളിലെ പരിഷ്‌കാരങ്ങള്‍ എന്നിവയാണു പുത്തന്‍ ഫീച്ചറുകള്‍. ചാറ്റിംഗ് കൂടുതല്‍ കൗതുകകരമാക്കാന്‍ സഹായിക്കുന്നവയാണ് ആനിമേറ്റഡ് സ്റ്റിക്കറുകള്‍. മറ്റു പല ആപ്പുകളും നേരത്തെതന്നെ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അനുവദിച്ചിരുന്നു.
ഫോണ്‍ സ്‌ക്രീനില്‍ നിന്നു വരുന്ന തീവ്ര പ്രകാശംമൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി കൊണ്ടുവന്ന ഡാര്‍ക്ക്‌മോഡ് സംവിധാനം നേരത്തെതന്നെ വാട്‌സ്ആപ്പിന്റെ സ്മാര്‍ട്‌ഫോണ്‍ വേര്‍ഷനുകളില്‍ ലഭ്യമാണ്. പുതിയ അപ്‌ഡേഷനിലൂടെ ഇത് വാട്‌സ്ആപ്പ് വെബ് വേര്‍ഷനുകളിലും ലഭ്യമാക്കിയിരിക്കുകയാണു കമ്പനി.
ക്യു ആര്‍ കോഡ് സ്‌കാനിംഗിലൂടെ പുതിയ ആളെ കോണ്‍ടാക്ട് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നത് ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചാണെന്നു കമ്ബനി അറിയിച്ചു. ഗ്രൂപ്പ് വീഡിയോ ചാറ്റിംഗ് വേളയില്‍ ഒരാളെ മാത്രമായി ഫുള്‍ സ്‌ക്രീനില്‍ കാണുന്നതിനുള്ള സംവിധാനമാണു വീഡിയോ കോളിംഗ് രംഗത്തു വരുന്ന പ്രധാനമാറ്റം. പുതിയ ഫീച്ചറുകള്‍ വരുന്ന ആഴ്ചകളില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ലഭിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.