ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ദിനം കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഉത്തർപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. 71 റൺസെടുത്ത് റിങ്കു സിംഗും 54 റൺസെടുത്ത് ധ്രുവ് ജുറേലും പുറത്താകാതെ നിൽക്കുകയാണ്. ഇരുവരും ആറാം വിക്കറ്റിൽ ഇതുവരെ 120 റൺസ് ചേർത്തുകഴിഞ്ഞു.
മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് ലഭിച്ച ഉത്തർപ്രദേശ് ബാറ്റ് ചെയ്യാനും തീരുമാനിച്ചു. ക്യാപ്റ്റൻ ആര്യൻ ജുയാൽ 28ഉം പ്രിയം ഗാർഗ് 44ഉം റൺസെടുത്ത് ഉത്തർപ്രദേശിന് ഭേദപ്പെട്ട തുടക്കം നൽകി. പക്ഷേ ഉത്തർപ്രദേശ് മുൻനിരയെ വേഗത്തിൽ മടക്കാൻ കേരളത്തിന് കഴിഞ്ഞു.
ഒരു ഘട്ടത്തിൽ അഞ്ചിന് 124 എന്ന നിലയിലായി ഉത്തർപ്രദേശ്. എന്നാൽ ആറാം വിക്കറ്റിൽ റിങ്കുവും ജുറേലും ഒന്നിച്ചതോടെ കളി മാറി. കേരളത്തിനായി ബേസിൽ തമ്പി, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.