പത്തനംതിട്ട: മണ്ഡലകാലം നാൽപ്പതാം ദിവസത്തിലേക്ക് കടന്നപ്പോൾ ശബരിമലയിലെ ആകെ വരുമാനം ഇതുവരെ 204.30 കോടി രൂപ. ഇതിൽ കാണിക്കായി ലഭിച്ചത് 63.89 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.
കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ കണക്കിൽ കാര്യമായ മാറ്റമുണ്ടാകും. അപ്പോൾ മാത്രമാണ് കൃത്യമായ നടവരവ് കണക്കുകൾ അറിയാൻ കഴിയുക. കാണിക്കയായി ലഭിച്ചത് 63,89,10,320 രൂപയാണ്. അരവണ വിൽപനയിൽ 96,32,44,610 രൂപയും ,അപ്പം വിൽപനയിൽ 12,38,76,720 രൂപയും ലഭിച്ചു.
മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 അയ്യപ്പ ഭക്തരാണ് ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27ന് വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.
ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടർന്ന്, തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകര വിളക്ക് ദർശനം എന്നിവ നടക്കും.
15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രമാകും ദർശനം.