മുംബൈ:സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സംസാര വിഷയം. ഈ സെഞ്ച്വറി കൊണ്ട് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വിരാട് കോലിക്ക് ശേഷം ഏകദിന സെഞ്ച്വറി നേടി എന്നതും സഞ്ജുവിന്റെ നേട്ടത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. മൂന്നാമതായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. 44ാം ഓവറിലാണ് താരം സെഞ്ച്വറി നേടുന്നത്.
അഞ്ചാം ഓവര്‍ മുതല്‍ ബാറ്റ് ചെയ്ത സഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ ഭാവി എന്താണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കര്‍. ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറിയോടെ സഞ്ജുവിന്റെ സാധ്യതകള്‍ വളര്‍ന്നിട്ടില്ലെന്ന് പറയുകയാണ് മഞ്ജരേക്കര്‍. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു കളിക്കുമെന്ന് പറയാനാവില്ല.
സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ ടീം ഉള്‍പ്പെടുത്തുമെന്നും ഉറപ്പിച്ച് പറയാനാവില്ല. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് ഒരിടം നല്‍കാന്‍ ഈ സെഞ്ച്വറിക്ക് സാധിക്കും. ഭാവിയിലെ ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള ഫസ്റ്റ് ചോയ്‌സായി സഞ്ജുവുണ്ടാകാമെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. സഞ്ജു വര്‍ഷങ്ങളുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് ശേഷം, അന്താരാഷ്ട്ര തലത്തില്‍ ഈ പ്രായത്തില്‍ തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ഏകദിന പരമ്പരയാണ്. തീര്‍ച്ചയായും ഈ മത്സരത്തിലെ ഫലം ആളുകള്‍ മറന്നുപോകും. എന്നാല്‍ സഞ്ജു ബാറ്റ് ചെയ്ത രീതി പ്രത്യേകതയുള്ളതാണ്. നാലാമത്തെ ഓവറില്‍ ക്രീസിലെത്തിയ സഞ്ജു 44ാം ഓവറിലാണ് സെഞ്ച്വറി നേടുന്നത്. ദീര്‍ഘകാലമായി ആളുകള്‍ സഞ്ജു സാംസണില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നതായിരുന്നു ഇക്കാര്യം.
അവര്‍ ആഗ്രഹിച്ചത് തന്നെയാണ് ഇപ്പോള്‍ കാണാന്‍ സാധിച്ചിരിക്കുന്നതെന്നും മഞ്ജരേക്കര്‍ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയോട് പറഞ്ഞു. ഈ മത്സരത്തിന്റെ ഓര്‍മകള്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാവണമെന്നില്ല. അത് ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ഇനിസുപ്രധാന ഏകദിന ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും സഞ്ജുവിന്റെ പ്രകടനം മറക്കില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
2025ല്‍ വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ നടക്കാനുള്ള ഏക സുപ്രധാന 50 ഓവര്‍ ടൂര്‍ണമെന്റ്. ഈ സെഞ്ച്വറി കൊണ്ട്, അത് നേടാനായി സഞ്ജു കളിച്ച രീതി, ഇതൊന്നും സെലക്ടര്‍മാര്‍ മറന്നുപോകില്ല. പ്രതീക്ഷകളെ തെറ്റിച്ച് സഞ്ജു ടീമില്‍ നിലനില്‍ക്കാന്‍ കാരണവും അത് തന്നെയാണ്. 50 ഓവര്‍ ടീമിനെ എപ്പോഴൊക്കെ തിരഞ്ഞെടുക്കുന്നുവോ അപ്പോഴെല്ലാം സഞ്ജുവിന് ആ ടീമില്‍ ഇടംപിടിക്കാനുള്ള അവസരമുണ്ടാകുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.