ആലപ്പുഴ: കായംകുളത്ത് കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ നടപടി കര്‍ശനമാക്കണമെന്ന് കാണിച്ച് ചുവപ്പുമഷിയില്‍ കലക്ടര്‍ക്ക് കത്തെഴുതി യു. പ്രതിഭ എം.എല്‍.എ. അസാധാരണ സാഹചര്യം ഗൗവരത്തോടെ ബോധ്യപ്പെടാനാണ് ചുവപ്പുമഷി ഉപയോഗിച്ചതെന്നാണ് എം.എല്‍.എ പറയുന്നത്.
കൊവിഡ് സ്ഥിരീകരിച്ച രണ്ട് വാര്‍ഡ് കണ്ടെയ്ന്മന്റെ് സോണായി പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ വകവെക്കാത്തത് രോഗവ്യാപന ഭീഷണി ഉയര്‍ത്തിയിരുന്നു. കണ്ടെയ്ന്മന്റെ് സോണില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ മറ്റുവാര്‍ഡുകളിലേക്ക് മാറ്റിയതാണ് വിഷയമായത്.
അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങള്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചാണ് സമാന്തര പ്രവര്‍ത്തനമുണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.എല്‍.എയുടെ കത്ത്. ഉറവിടം അറിയാത്ത കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടും വിഷയത്തെ ലാഘവത്തോടെ കാണുന്ന ഉദ്യോഗസ്ഥ സമീപനമാണ് ഇതോടെ ചര്‍ച്ചയായത്. നിയമലംഘനത്തിന് നിശ്ശബ്ദ സാക്ഷികളാകുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
കൊവിഡ് രോഗികള്‍ക്ക് ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കമുണ്ടായ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത ശക്തമാണെന്ന് കാട്ടി ആരോഗ്യവിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകളുണ്ടായിട്ടും നിയമം ലംഘിച്ച വിഷയത്തില്‍ ഒരു കേസുപോലും എടുത്തിട്ടില്ല. ഇതാണ് കടുത്ത നടപടിയിലേക്ക് പോകാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.